ന്യൂഡൽഹി : ഓൺലൈനിലൂടെ അശ്ലീല ദൃശ്യങ്ങൾ കാണാൻ ജ്വല്ലറി ജീവനക്കാരൻ ചെലവാക്കിയത് രണ്ട് കോടിയോളം രൂപ. ഡൽഹിയിലെ കരോൾബാഗിലാണ് സംഭവം. സംഭവത്തിൽ ജ്വല്ലറി ജീവനക്കാരനായ മഹേഷ് ചന്ദ് ബദോല(42) പൊലീസ് അറസ്റ്റ് ചെയ്തു.
അഡൽറ്റ് വീഡിയോ പ്രദർശിപ്പിക്കുന്ന ചൈനീസ് ലൈവ് ചാറ്റ് മൊബൈൽ ആപ്പിലേക്കാണ് ജ്വല്ലറിയിലെ അക്കൗണ്ടന്റായ മഹേഷ് ചന്ദ് പണം നൽകിയത്. ജ്വല്ലറി ഉടമയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 17 വർഷമായി ജ്വല്ലറിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നയാളാണ് മഹേഷ് ചന്ദ്. ദീർഘകാലം ജോലി ചെയ്തുവരുന്നതിനാൽ ഉടമയായ ദിനേഷ് കുമാറിന്റെ വിശ്വസ്തൻ കൂടിയായിരുന്നു. ആദ്യം അക്കൗണ്ടിങ് ജോലികൾ മാത്രം ചെയ്തിരുന്ന മഹേഷിന് പിന്നീട് ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസും ഡെബിറ്റ് കാർഡും ഉടമ നൽകിയിരുന്നു. ഇത് ദുരുപയോഗം ചെയ്താണ് ഇയാൾ അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി സ്ഥാപനത്തിന്റെ പണം ഉപയോഗിച്ചത്. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഫോൺ നമ്പരായിരുന്നു മഹേഷ് ചന്ദ് ഉപയോഗിച്ചിരുന്നത്.
ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് സൂക്ഷ്മ പരിശോധന നടത്തിയതോടെയാണ് 2019 മുതൽ രണ്ട് കോടിയോളം രൂപ നഷ്ടമായതായി കണ്ടെത്തിയത്. പേടിഎം വഴി ഓൺലൈൻ ആപ്ലിക്കേഷനായ ബിഗോയിലേക്കാണ് പണം പോയതെന്ന് മനസ്സിലായി. തുടർന്ന് നടത്തിയ അന്വേഷണമാണ് അക്കൗണ്ടന്റായ മഹേഷിലേക്ക് എത്തിയത്. സംഭവം കൈയ്യോടെ പിടികൂടിയതോടെ ഒളിവിൽ പോയ മഹേഷ് ചന്ദയെ ഡൽഹി ബുരാരി മേഖലയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
Post Your Comments