KeralaLatest NewsNews

ഓണക്കാലത്തെ പ്രധാന കലാരൂപമായ ഓണക്കുമ്മാട്ടിയെ കുറിച്ച് അറിയാം

ഒരു നാടന്‍ കലാരൂപമാണ് ഓണക്കുമ്മാട്ടി (കുമ്മാട്ടികളി ). തൃശൂര്‍,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിലാണ് ഇത് കൂടുതലായും പ്രചാരത്തിലുള്ളത്. തൃശൂര്‍ പട്ടണത്തില്‍ നെല്ലങ്കര, കിഴക്കുമ്പാട്ടുകര ദേശക്കാരര്‍ ഓണത്തോടനുബന്ധിച്ച് അഘോഷിക്കുന്നു. നെല്ലങ്കരയില്‍ തിരുവോണത്തിനാണ് കുമ്മാട്ടി ആഘോഷം. ഓണത്തപ്പനെ വരവേല്‍ക്കാനാണ് കുമ്മാട്ടികളി നടത്തുന്നത്.

കടുംനിറത്തിലുളള പൊയ്മുഖവും പുല്ലുകൊണ്ടുളള പാവാടയുമൊക്കെയണിഞ്ഞാണ് കുമ്മാട്ടിയെത്തുക. മുഖാവരണം ഭഗവാന്‍ കൃഷ്ണന്റെയോ, നാരദമഹര്‍ഷിയുടെയോ, കിരാതന്റെയോ, ദാരികന്റെയോ അതുമല്ലെങ്കില്‍ വേട്ടക്കാരുടേതോ ആയിരിക്കും. ശരീരം മുഴുവന്‍ പുല്ലുകൊണ്ട് മൂടുന്നവരുമുണ്ട്. ഇതൊക്കെയണിഞ്ഞ് സംഘങ്ങളായി വീടുകള്‍ തോറും കയറിയിറങ്ങി ആളുകളെ രസിപ്പിക്കുന്നു. പകരം വീട്ടുകാര്‍ നല്‍കുന്ന അരിയും ശര്‍ക്കരയും നാണയങ്ങളും ചെറുസമ്മാനങ്ങളും സ്വീകരിക്കുന്നു.

തൃശൂര്‍ പട്ടണത്തില്‍ കിഴക്കുകര ദേശക്കാരുടെ കുമ്മാട്ടികളി പ്രസിദ്ധമാണ്. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളില്‍ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നു. ഈ ഭാഗങ്ങളില്‍ ഓണത്തപ്പനെ വരവേല്‍ക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.

തെക്കന്‍ജില്ലകളിലെ കരിയിലമാടന്‍ കുമ്മാട്ടിയുടെ ഒരു വകഭേദമാണ്. ദേഹമാസകലം ഉണങ്ങിയ ഇലകള്‍ വച്ചുകെട്ടി പേടിപ്പെടുത്തുന്ന മുഖാവരണമണിഞ്ഞാണ് കരിയിലമാടനെത്തുക. ഓണദിവസം ഉച്ചകഴിഞ്ഞാണ് കരിയിലമാടനും സംഘവുമെത്തുക. ഊണുകഴിഞ്ഞിരിക്കുന്ന മാലോകര്‍ക്ക് ഒരു രസം. പകരം അവര്‍ നാണയങ്ങള്‍ സംഭാവനചെയ്യും. കുട്ടികളാണ് കരിയിലമാടന്റെ വേഷം കെട്ടിയെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button