തിരുവനന്തപുരം : ഓണക്കച്ചവടത്തിൽ ബാറുടമകൾക്ക് പാരിതോഷികങ്ങൾ വാഗ്ദാനംചെയ്ത് മദ്യക്കമ്പിനികൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ കുപ്പിയോടെ മദ്യംവിൽക്കാൻ ബാറുകൾക്ക് അനുമതി നൽകിയത് മുതലെടുത്താണ് മദ്യക്കമ്പിനികൾ പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്തത്.
തങ്ങളുടെ ബ്രാൻഡുകളിലെ മദ്യംവിറ്റാൽ ബാറുടമയ്ക്ക് സ്വർണനാണയം ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് വാഗ്ദാനം. വിൽപ്പന കൂടുന്നതനുസരിച്ച് പാരിതോഷികങ്ങളുടെ എണ്ണവും കൂടും. കുപ്പിയോടെ മദ്യംവിൽക്കാനുള്ള അനുമതി ബിവറേജസ്, കൺസ്യൂമർ ഫെഡ്ഷോപ്പുകൾക്കു മാത്രമുണ്ടായിരുന്നപ്പോൾ മദ്യക്കമ്പിനികൾക്ക് ഇത്തരം ഇടപെടലുകൾക്ക് അവസരമുണ്ടായിരുന്നില്ല. ഇത് ഒരുപരിധിവരെ ബിവറേജസ് കോർപ്പറേഷൻ നിയന്ത്രിച്ചിരുന്നു.
എന്നാൽ പുതിയ ക്രമീകരണത്തിൽ ചില്ലറ മദ്യവിൽപ്പനയുടെ 70 ശതമാനവും ബാറുകളിലൂടെയായി. ഇതാണ് മദ്യക്കമ്പനികൾക്ക് ഇടപെടാൻ അവസരം നൽകിയത്.ബെവ്ക്യൂ ടോക്കൺവഴി ബുക്കുചെയ്യുന്നവർക്കു മാത്രമേ മദ്യം നൽകാവൂ എന്ന നിബന്ധന ബിവറേജസ്, കൺസ്യൂമർഫെഡ് ഷോപ്പുകളിൽ പാലിക്കുമ്പോൾ നല്ലൊരു ശതമാനം ബാറുകളിൽ ടോക്കണില്ലാതെ മദ്യംനൽകുന്നുണ്ട്.
പൊതുമേഖലയിൽ 306 വിൽപ്പനകേന്ദ്രങ്ങളുള്ളപ്പോൾ 570 ബാറുകൾക്കാണ് മദ്യവിൽപ്പനയ്ക്ക് അനുമതിയുള്ളത്.
Post Your Comments