
ബംഗളൂരു : തെരുവോരത്ത് കഴിഞ്ഞിരുന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ച ആളെ തിരഞ്ഞ് പൊലീസ്. കർണാടകയിലെ ഹസനിൽ ആഗസ്റ്റ് 26നാണ് സംഭവം നടന്നത്. നിഷ്ഠൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ മുഴുവൻ സമീപത്തെ സിസിറ്റിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഒരു കടയ്ക്കു മുന്നിലായി രണ്ട് പേർ ഉറങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. രാത്രി പന്ത്രണ്ട് മണിയോടെ ഇവിടേക്ക് വെളുത്ത ഷർട്ടും നീല ജീൻസും ധരിച്ച ഒരാളെത്തുന്നു. തുടർന്ന് സമീപത്ത് നിന്നും ഒരു വലിയ സിമന്റ് കട്ടയെടുത്ത് ഉറങ്ങിക്കിടക്കുന്ന ആളുടെ ദേഹത്തേക്ക് ഇട്ടശേഷം ഓടിക്കളയുന്നതും കാണാം. ഇതിനിടെ കട്ട വീണ് തലയ്ക്ക് പരിക്കേറ്റ സ്ത്രീ എഴുന്നേൽക്കാനും സമീപത്തെ ചുവരിൽ ചാരിയിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
പിന്നീട് 12.42ഓടെ വീണ്ടും തിരികെ വന്ന ഇയാൾ പരിക്കേറ്റ് ചോരവാർന്ന് അവശനിലയിലായ സ്ത്രീയെ കടന്നു പിടിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഇവർ ചെറുത്ത് നിന്നതോടെ അയാൾ വീണ്ടും അവിടെ നിന്നും ഒടി കളഞ്ഞു. ഇതിനിടെ സ്ത്രീക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന ആളും സംഭവസ്ഥലത്തു നിന്നും പോയിരുന്നു.
ഒരു മണി ആയപ്പോൾ ഇയാൾ വീണ്ടും അതേസ്ഥലത്തെത്തി. ആ സമയത്ത് പരിക്കേറ്റ സ്ത്രീ അവിടെ വീണു കിടക്കുകയായിരുന്നു. ഇതോടെ നേരത്തെ ആക്രമിക്കാൻ ഉപയോഗിച്ച അതേ സിമന്റെ് കട്ട വീണ്ടും അവരുടെ തലയിലേക്ക് എറിഞ്ഞ ശേഷം ഓടിക്കളഞ്ഞ ഇയാൾ മൂന്ന് മിനിറ്റിനു ശേഷം മടങ്ങിയെത്തി. ശേഷം സ്ത്രീ മരിച്ചെന്ന് ഉറപ്പാക്കിയതോടെ മൃതദേഹം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ബംഗളൂരു-മംഗളൂരു റോഡിലെ പരമേശ്വരി ക്ഷേത്രത്തിന് സമീപം നടന്ന ഈ ക്രൂരകൃത്യം മുഴുവൻ അരികിലുള്ള കോ ഓപ്പറേറ്റീവ് ബാങ്കിന്റെ സിസിറ്റിവിയിലാണ് പതിഞ്ഞത്. നിഷ്ഠൂര കൃത്യം നടത്തി കടന്നു കളഞ്ഞയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ഹസൻ എസ് പി ശ്രീനിവാസ് ഗൗഡ അറിയിച്ചത്.സംഭവ സ്ഥലത്തുനിന്ന് ശേഖരിച്ച ഫോറൻസിക് തെളിവുകളിൽ നിന്നും എന്തെങ്കിലും തുമ്പു കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സ്ത്രീക്കരികിലായി ഉറങ്ങിക്കിടന്നിരുന്ന ആളെയും ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
Post Your Comments