ന്യൂഡൽഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പിളര്‍പ്പിന്റെ സൂചനകള്‍ നല്‍കി മുതിര്‍ന്ന നേതാക്കള്‍. തുടര്‍ച്ചയായി രണ്ടു തെരഞ്ഞെടുപ്പുകളില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇനിയൊരു തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ശേഷിയില്ലെന്ന് വിമതര്‍ തുറന്നടിച്ചിരിക്കുകയാണ്. കത്തെഴുതിയതിന്റെ പേരില്‍ ഒതുക്കപ്പെട്ട നേതാക്കള്‍ തന്നെയാണ് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ പോരെന്ന അഭിപ്രായവും പുറത്തു വിട്ടിരിക്കുന്നത്. നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാഗാന്ധിയ്ക്ക് കത്തെഴുതിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ മൂലയ്ക്കിരുത്തിയതിന് പിന്നാലെയാണ് ഇത്തരം നീക്കങ്ങൾ.
കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് 23 ഉന്നത നേതാക്കളാണ് സോണിയാ ഗാന്ധിക്ക് കത്തയച്ചത്. 2019 ല്‍ തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ഉത്തരവാദിത്വം ശിരസിലേന്തി അദ്ധ്യക്ഷസ്ഥാനം രാജിവെച്ചതിന് പിന്നാലെ രാഹുല്‍ തിരിച്ചെത്തണമെന്ന മുറവിളി ശക്തമാകുമ്പോഴാണ് വിമതര്‍ സ്വരവും കടുപ്പിക്കുന്നത്. ഇടക്കാല ചുമതലയേറ്റിരിക്കുന്ന സോണിയ ആറു മാസത്തിനുള്ളില്‍ മാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.
2024 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ നേതൃത്വത്തില്‍ 400 സീറ്റുകള്‍ നേടാന്‍ കോണ്‍ഗസിന് കഴിയില്ലെന്നും അത് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ നമ്മള്‍ കണ്ടതാണെന്നും ഇദ്ദേഹം പേരെഴുതരുത് എന്ന നിര്‍ദേശത്തോടെ ഒരു ദേശീയ ചാനലിനോട് പറഞ്ഞു. തങ്ങളുടെ അഭിപ്രായങ്ങള്‍ വ്യക്തകള്‍ക്കെതിരേ അല്ലെന്നും പാര്‍ട്ടിയിലെ പ്രശ്‌നം പുറത്തു കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നുമാണ് ഇവര്‍ പറയുന്നത്. ഭരണാഘടനാ മുല്യങ്ങള്‍ക്ക് അനുസൃതമായി ഫലപ്രദമായ രീതയില്‍ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ് ശ്രമിക്കുന്നത്.
രാഷ്ട്രീയത്തില്‍ അതിനെ സുദീര്‍ഘമായി നില നിര്‍ത്താനും സോണിയാ ഗാന്ധിയെ പരിഗണിക്കാനും തങ്ങള്‍ പ്രതിജ്ഞാ ബദ്ധമാണ്. അതുകൊണ്ടു തന്നെ തങ്ങള്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ പാര്‍ട്ടിയെ അതിജീവിക്കാനും ബിജെപിയെ നേരിട്ട് ജയിക്കാനും സഹായകരമാകുമെന്നും ഇവര്‍ പറയുന്നു. അതോടൊപ്പം തുറന്നമനസ്സോടെ സോണിയയുടെ വാക്കുകള്‍ സ്വീകരിക്കുമെന്നും പ്രശ്‌നങ്ങള്‍ നേരിടുമെന്നും ഇവര്‍ പറയുന്നു.
കത്തയച്ചതിന്റെ പേരില്‍ ഒതുക്കലിന് ഇരയാക്കപ്പെട്ടെങ്കിലും ഇനിയും യോഗം ചേരുമെന്നും പാര്‍ട്ടിക്കുള്ളിലെ ആശങ്കകള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും ഇവര്‍ പറയുന്നു.
Post Your Comments