Latest NewsIndiaNews

കോവിഡ് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണം; മരിക്കുന്നതിന് മുൻപ് എച്ച് വസന്തകുമാര്‍ പറഞ്ഞതിങ്ങനെ

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ച നേതാവായിരുന്നു കോവിഡ് ബാധിച്ച് മരിച്ച കന്യാകുമാരി എംപി എച്ച് വസന്തകുമാര്‍. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സഭാസമ്മേളനത്തിലാണ് കോവിഡ് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യപ്പെടുന്നതിനിടെ സ്പീക്കര്‍ അദ്ദേഹത്തിനുള്ള സമയം കഴിഞ്ഞതായി അറിയിച്ചു.സഭയില്‍ വസന്തകുമാര്‍ സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ.

 

‘ സ്പീക്കര്‍ സര്‍, കോവിഡ് മഹാമാരിയെ ഒരു ദേശീയദുരന്തമായി പ്രഖ്യാപിക്കണം. ഒരു രൂപ പോലും വരുമാനം ലഭിക്കാത്ത അവസ്ഥയാണ് ജനങ്ങള്‍ക്ക്. ഇത് വായ്പാതിരിച്ചടവിനെ ബാധിക്കും. അതിനാല്‍ ചെറുകിട വ്യാപരികളുടേയും വ്യക്തികളുടേയും വായ്പ തിരിച്ചടക്കുന്നതിനുള്ള കാലാവധി ചുരുങ്ങിയത് മൂന്ന് മാസത്തേക്കെങ്കിലും നീട്ടിവെക്കണം. ദിവസക്കൂലിക്കാര്‍ വളരെയധികം ദുരിതമനുഭവിക്കുന്നുണ്ട്. ഒരു കുടുംബത്തിന് ചുരുങ്ങിയത് 2000 രൂപയെങ്കിലും സര്‍ക്കാര്‍ നല്‍കണം…’ പറഞ്ഞവസാനിപ്പിക്കുന്നതിന് മുന്‍പ് അനുവദിച്ച സമയം തീര്‍ന്നതായി സ്പീക്കര്‍ അറിയിച്ചു, മൈക്ക് ഓഫ് ചെയ്തു. അല്‍പം നേരം കൂടി നല്‍കണമെന്ന് വസന്തകുമാര്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. വസന്തകുമാര്‍ എംപി കോവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ പാര്‍ലമെന്റ് പ്രസംഗം ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

 

അന്ന് പാര്‍ലമെന്റില്‍ വസന്തകുമാര്‍ പറഞ്ഞ പലമാര്‍ഗനിര്‍ദേശങ്ങളും പിന്നീട് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച് നടപ്പിലാക്കുകയുണ്ടായി. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 10 മുതല്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായി വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിച്ചു.

 

shortlink

Post Your Comments


Back to top button