തിരുവനന്തപുരം • സ്വര്‍ണക്കടത്ത് കേസില്‍ ജനം ടി.വി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ സ്വപ്ന സുരേഷിന്റെ മൊഴി. അനിലുമായി തനിക്ക് ഉറ്റ സൗഹൃദമാണ് തനിക്കുള്ളതെന്ന് സ്വപ്ന മൊഴി നല്കി. സൗഹൃദം പുതുക്കാന്‍ അനില്‍ നമ്പ്യാര്‍ നിരന്തരം വിളിക്കാറുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഒരു അഭിഭാഷകന് നിര്‍ദ്ദേശച്ചതനുസരിച്ച് ഒളിവില്‍ പോകുന്നതിന് മുന്‍പായി താന്‍ അനില്‍ നമ്പ്യാരെ വിളിച്ചിരുന്നതായി സ്വപ്ന പറയുന്നു. കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണ്ണം അടങ്ങിയ ബാഗേജ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോണ്‍സുല്‍ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാന്‍ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സുല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം ഈ വാര്‍ത്താക്കുറിപ്പ് തയാറാക്കി നല്‍കാമെന്ന് അനില്‍ നമ്പ്യാര്‍ ഉറപ്പും നല്കി. സ്വപ്നയുടെ ഈ മൊഴിയില്‍ കൃത്യമായ വിശദീകരണം നല്കാന് അനില്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞില്ലെന്നാണ് സൂചന.
ഇന്ത്യയിലെ യുഎഇയുടെ നിക്ഷേപങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ആരായുകയും ബിജെപിക്ക് വേണ്ടി കോണ്‍സുലേറ്റിന്റെ പിന്തുണ ലഭിക്കാന്‍ സഹായം ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല അനിലിന്റെ സുഹൃത്തിന്റെ സ്ഥാപനമായ നവീന്‍ ടൈല്‍സിന്റെ ഉദ്ഘാടനത്തിനായി കോണ്‍സുലേറ്റ് ജനറലിനെ എത്തിക്കാനാകുമോയെന്നും ആരാഞ്ഞിരുന്നു. അക്കാര്യം ശരിയാക്കി കൊടുക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. കോണ്‍സുലേറ്റ് ജനറലിന് മക് ബുക്ക് സമ്മാനമായി നല്‍കിയതായും സ്വപ്ന വെളിപ്പെടുത്തി.
അനല്‍ നമ്പ്യാര്‍ക്ക് യു.എ.ഇയില്‍ പ്രവേശന വിലക്കുണ്ടായിരുന്നു. കോണ്‍സുലേറ്റ് ജനറലാണ് ദുബായിലെ തന്റെ സ്വാധീനം ഉപയോഗിച്ച് അനില്‍ നമ്പ്യാര്‍ക്ക് വേണ്ടി പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കിയത്. ഇതിന്റെ നന്ദി അറിയിക്കാനായി 2018-ല്‍ താജ് ഹോട്ടലില്‍ വെച്ച് അനില്‍ നമ്പ്യാര്‍ തനിക്ക് അത്താഴവിരുന്ന് നല്‍കിയെന്നും ഒരുമിച്ച് മദ്യം കഴിച്ചുവെന്നും സ്വപ്ന പറയുന്നു.
Post Your Comments