News

ശക്തൻ മാർക്കറ്റ് പ്രവർത്തനത്തിന് മാർഗ്ഗരേഖ

തൃശൂർ: കോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിട്ട ശക്തൻ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ജില്ലാ കളക്ടർ ഉത്തരവിറക്കി. മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങൾ അണുനശീകരണം നടത്തി ടോക്കൺ വാങ്ങി വേണം മാർക്കറ്റിനകത്ത് പ്രവേശിക്കാൻ. ചരക്കുമായി വരുന്ന ലോറികൾ രാവിലെ ചരക്കിറക്കി മാർക്കറ്റിൽ നിന്ന് പോകണം. നിലവിലുളള കടകൾ/തൊഴിലാളികൾ എന്നിവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് പകുതി കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം. ഓരോ ഗ്രൂപ്പിലും തൊഴിലാളികളെ തിരിച്ചറിയുന്നതിന് വ്യത്യസ്ത നിറത്തിലുളള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകണം. കടകളിൽ പരമാവധി മൂന്ന് ജീവനക്കാർ മാത്രമേ പാടുളളൂ. അവർ ആഴ്ചയിൽ 3 ദിവസം തൂടർച്ചയായി ജോലി നോക്കണം. ചെറുകിട കച്ചവടക്കാർക്ക് സാധനങ്ങൾ വാങ്ങുന്നതിന് നടപ്പിലാക്കിയ ഒറ്റ, ഇരട്ട നമ്പർ സമ്പ്രദായം അതു പോലെ തുടരും. റീട്ടെയിൽ കച്ചവടക്കാരെ മാർക്കറ്റിനുളളിൽ പ്രവേശിപ്പിക്കുന്നതിന് എൻട്രി പോയിന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എൻട്രി പോയിന്റിൽ തെർമ്മൽ സ്‌ക്രിനീംഗ് സൗകര്യം ഒരുക്കും. ശരീരോഷ്മാവ് അനുവദനീയമായ പരിധിയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ മാർക്കറ്റിലേക്ക് തൊഴിലാളികളുൾപ്പെടെയുളള ആളുകളെ പ്രവേശിപ്പിക്കാവൂ. വൈകീട്ട് 6 വരെ മാത്രമേ റീട്ടെയിൽ കച്ചവടം അനുവദിക്കൂ. മാർക്കറ്റ് നിത്യവും വൈകീട്ട് 6 ന് ശേഷം ഫയർഫോഴ്‌സിന്റെ സഹായത്തോടെ അണുവിമുക്താക്കണം. എല്ലാ കടകളിലും സാനിറ്റൈസർ കരുതണം. മാർക്കറ്റിൽ കയറുമുമ്പ് എല്ലാവരും കൈകൾ അണുവിമുക്താക്കണം. നിർബന്ധമായും മാസ്‌കും ഗ്ലൗസും ധരിക്കണം. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഞായറാഴ്ചകളിൽ മാർക്കറ്റ് തുറക്കുന്നതല്ല. ക്വാറന്റീനിൽ പോയ മുഴുവൻ തൊഴിലാളികളുടെയും ക്വാറന്റീൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാകണം. സർട്ടിഫിക്കറ്റ് ഉളളവരെ മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ. മാർക്കറ്റിലെ തൊഴിലാളികളുടെയും കടയുടമകളുടെയും കോവിഡ് പരിശോധന പൂർത്തീകരിക്കണം. സാധനങ്ങൾ എടുക്കുന്നതിനായി കടകളിൽ വരുന്ന കച്ചവടക്കാർ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്നു ഉറപ്പുവരുത്തണം എന്നിവയാണ് മാർഗ്ഗനിർദ്ദേശങ്ങൾ.

 

shortlink

Post Your Comments


Back to top button