തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത് ഫാനില്‍ നിന്നെന്ന് പൊതുമരാമത്ത് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഫാന്‍ ഉരുകി കര്‍ട്ടനില്‍ വീണാണ് തീപിടിത്തമുണ്ടായതെന്ന് പിഡബ്ല്യൂഡി ചീഫ് എന്‍ജിനിയര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി കര്‍ട്ടനില്‍ വീണാണ് തീപിടിത്തമുണ്ടായത്. വലിയ നാശനഷ്ടങ്ങള്‍ ഇല്ലാതെ തീ അണയ്ക്കാനായെന്നും കെട്ടിട വിഭാഗം ചീഫ് എന്‍ജിനിയര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറിയെന്നാണ് സൂചന. ഓഗസ്റ്റ് 24, 25 തീയതികളില്‍ കോവിഡ് മാനദണ്ഡപ്രകാരം മുറി അണുവിമുക്തമാക്കാന്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഫാനിന്റെ തകരാര്‍ മൂലമാണു തീപിടിത്തം ഉണ്ടായതെന്നു മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. വിശദമായ അന്വേഷണം നടത്തുന്നതിനു മരാമത്ത് ചീഫ് ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയെ നിയോഗിച്ചു. കമ്മറ്റിയുടെ പരിശോധനയ്ക്കുശേഷം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രധാന ഫയലുകള്‍ കത്തിനശിച്ചിട്ടില്ലെന്നു പ്രോട്ടോകോള്‍ വിഭാഗം അറിയിച്ചു.
ഗസ്റ്റ് ഹൗസുകളിലെ മുറി ബുക്കുചെയ്യുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട 2018വരെയുള്ള ഫയലുകള്‍ കടലാസ് ഫയലുകളാണ്. എന്‍ഐഎയും എന്‍ഫോഴ്സ്മെന്‍റും കസ്റ്റംസും ആവശ്യപ്പെട്ട ഫയലുകള്‍ നല്‍കിയിട്ടുണ്ട്. പ്രധാനപ്പെട്ട ഫയലുകള്‍ സുരക്ഷിതമാണെന്നും പ്രോട്ടോകോള്‍ വിഭാഗം വ്യക്തമാക്കി. ഫയലുകള്‍ കത്തിനശിച്ച സംഭവത്തില്‍ പൊതുഭരണവകുപ്പിന്റെ പരാതിയില്‍ കന്‍റോണ്‍മെന്റ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
ഗസറ്റ് നോട്ടിഫിക്കേഷനുകളും ഗസ്റ്റ് ഹൗസ് അനുവദിച്ചതിന്റെ മുന്‍കാല ഫയലുകളും 4.20ന് ഉണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. അതിനിടെ സെക്രട്ടേറിയറ്റ് തീപിടിത്തത്തിന്റെ പേരില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. എട്ടു കേസുകളാണ് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Post Your Comments