കീമോ കഴിഞ്ഞ വിവരം സന്തോഷ പൂർവ്വം ചങ്കുകളെ അറിയിച്ച് നന്ദു മഹാദേവ . നന്ദു തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ തന്റെ കീമോ കഴിഞ്ഞ വിവരം പറഞ്ഞിരിക്കുന്നത്. ഇനിയും ഒന്നേന്ന് 6 കീമോ കൂടി എടുക്കേണ്ടി വരുമെന്നും അതു കഴിഞ്ഞാകും സർജറിയെപ്പറ്റി ആലോചിക്കുക എന്നും നന്ദു കുറിപ്പിലൂടെ പറയുന്നു. ഓരോ പ്രാവശ്യവും ക്യാൻസറിന്റെ ധാരണ എന്നെ അങ്ങു തീർത്തു കളയാമെന്നാണ് പക്ഷെ ഓരോ വട്ടവും ഞാൻ കൂടുതൽ കൂടുതൽ കരുത്തനാകുകയാണെന്നും നന്ദു പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം……………………………………………
ചങ്കുകളേ എന്റെ കീമോ കഴിഞ്ഞു കേട്ടോ..!
ഇനിയും ഒന്നേന്ന് 6 കീമോ കൂടി എടുക്കേണ്ടി വരും..!!
അതു കഴിഞ്ഞാകും സർജറിയെപ്പറ്റി ആലോചിക്കുക..
ഓരോ പ്രാവശ്യവും ക്യാൻസറിന്റെ ധാരണ എന്നെ അങ്ങു തീർത്തു കളയാമെന്നാണ്..!
പക്ഷെ ഓരോ വട്ടവും ഞാൻ കൂടുതൽ കൂടുതൽ കരുത്തനാകുകയാണ്..!!
ഓരോ ക്യാൻസർ സെല്ലുകളും ശ്രമിക്കുന്നത് എന്റെ ഹൃദയത്തെ നിശ്ചലമാക്കാനാണ്..
എങ്കിലും ഓരോ തവണയും എന്റെ ഹൃദയം കൂടുതൽ ശക്തി പ്രാപിക്കുകയാണ്..!!
ഓരോ കീമോയും വിചാരിക്കുന്നത് എന്നെ തളർത്തി കിടത്തി കളയാമെന്നാണ്..
എന്നിട്ടും ഓരോ നിമിഷവും ഞാൻ കൂടുതൽ ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുകയാണ്..!!
ആദ്യം RCC യിൽ ആറു ഹൈ ഡോസ് കീമോ..
പിന്നെ MVR ൽ 3 ഹൈ ഡോസ്..
പിന്നെ മരുന്നു മാറ്റി വീണ്ടും 6 ഹൈ ഡോസ്..
പിന്നെ 15 കടുക്കട്ടി റേഡിയേഷൻ..
ഇപ്പൊ ദേ പിന്നേം കീമോ…
ഇതിനിടയ്ക്ക് കാലിലും നെഞ്ചിലും ചെയ്ത രണ്ടു മേജർ സർജറിയും അതിന് വേണ്ടി ചെയ്ത ശക്തമായ അനസ്‌തേഷ്യ മരുന്നുകളും കണക്കില്ലാതെ കഴിച്ച മോർഫിനും വേദന സംഹാരികളും ഒക്കെ പനാമർ വാങ്ങിയപ്പോൾ സയനൈഡ് ഫ്രീ ആയി കിട്ടി എന്ന് പറയുന്നത് പോലെയാണ്..
അത്ഭുതം എന്താണെന്ന് വച്ചാൽ..
ഇത്രയും നേരിടേണ്ടി വന്നിട്ടും മ്മടെ ചങ്കും കരളും വൃക്കയും ഒക്കെ സ്‌ട്രോങ് ആണ്..
വെറും സ്‌ട്രോങ് അല്ല ഡബിൾ സ്‌ട്രോങ് ആണ്..
ഡബിളും അല്ല ത്രിബിൾ സ്‌ട്രോങ് ആണ്..!!
അതിന് കാരണം എന്റെ കുലുങ്ങാത്ത മനസ്സ് തന്നെയാണ്..
ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ..
ഇപ്പോൾ എടുത്തു കൊണ്ടിരിക്കുന്ന അതിശക്തമായ ഈ മരുന്ന് ഒരു പരീക്ഷണം കൂടിയാണ്..
ഇവിടത്തെ ചരിത്രത്തിൽ ആദ്യമായിട്ടാകും നീണ്ട പതിനാല് ദിവസം അതും 24 മണിക്കൂറും തുടർച്ചയായി ചെയ്യുന്ന ഇത്തരത്തിൽ ഒരു വലിയ കീമോ…
അതായത് 340 മണിക്കൂർ ഒരു കട്ടിലിൽ തന്നെ കിടക്കണം !!
ഈ പരീക്ഷണത്തിൽ നമ്മൾ വിജയിച്ചാൽ എനിക്ക് ശേഷം എന്റെ അതേ അവസ്ഥയിലൂടെ കടന്നു വരുന്ന എണ്ണമില്ലാത്ത അനേകായിരം രോഗികൾക്ക് ഈ മരുന്ന് ഒരു കരുണ്യമാകും..
അവരുടെ ആസഹനീയമായ വേദനകൾക്ക് ഈ മരുന്ന് ഒരു ആശ്വാസമാകും..
പരിഹാരമാകും…
അതുകൊണ്ട് തന്നെ ശക്തമായ ഈ മരുന്നിനെ നേരിടാൻ എന്റെ ശരീരത്തിന് ശക്തി നൽകാൻ എന്റെ പ്രിയപ്പെട്ടവർ ആത്മാർഥമായി പ്രാർത്ഥിക്കണം…
ഇതും ഞാൻ നേരിടും..
ഇതുവരെ നേരിട്ടത് പോലെ നെഞ്ചു വിരിച്ചു തന്നെ നേരിടും..!
സത്യത്തിൽ എന്റെ അക്ഷരങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്..!!
അത് വെറുതെ വഴിയിൽ നിൽക്കുന്ന നിങ്ങളെ ഒരിടത്ത് നിന്നും കയറ്റി കുറച്ചു ദൂരെ മറ്റൊരിടത്ത് ഇറക്കി വിട്ടിട്ടു പോകും..!
അങ്ങനെ ഇറക്കി വിടുമ്പോൾ ചിലർക്ക് സന്തോഷമാകും കിട്ടുക, ചിലർക്ക് ഒരാശ്വാസമാകും കിട്ടുക,ചിലർക്ക് കൂടെയാരോ ഉണ്ടെന്ന് തോന്നൽ വരും , ചിലർക്ക് ലോകം തലമേൽ മറിഞ്ഞാലും നേരിടാനുള്ള ഒരു ആത്മവിശ്വാസം കിട്ടും..
എന്തു തന്നെയായാലും ഓരോരുത്തർക്കും വേണ്ടത് അവിടെയുണ്ടാകും..!!
യഥാർഥത്തിൽ നിങ്ങൾ കാണുന്നത് ഞാൻ സൃഷ്ടിച്ച വാക്കുകളുടെ ഒരു മാസ്മരിക ലോകമാണ്..
അതിനുള്ളിലൂടി കടന്നുവരുമ്പോൾ നിങ്ങളറിയാതെ അവാച്യമായ സ്നേഹത്തിന്റെ ഒരു ലഹരി കൂടി ഞാൻ നിങ്ങൾ ഓരോരുത്തരിലേക്കും പകരുന്നുണ്ട്..!!!!!
അതാണ് വാക്കുകളുടെ ശക്തി..!
ഈ ലോകത്തിൽ വാക്കുകൾക്കും അക്ഷരങ്ങൾക്കും ഉള്ള ശക്തിയൊന്നും മറ്റൊരു ആയുധത്തിനും ഇല്ല..!!
ആയിരം അണുബോംബുകളെക്കാൾ ശക്തിയുണ്ടതിന്…!
പ്രിയപ്പെട്ടവരേ നമ്മൾ തമ്മിലുള്ള സ്നേഹബന്ധവും എന്റെ ഹൃദയത്തിന്റെ ആത്മാർത്ഥതയിൽ നിന്നു വരുന്ന അത്തരം വാക്കുകളാൽ നിർമ്മിതമാണ്…
അത് അനശ്വരമാണ്..
അതി സങ്കീർണ്ണവുമാണ്…!!
ഞാനിങ്ങനെ എഴുതിക്കൊണ്ടിരുന്നാൽ നിങ്ങളിങ്ങനെ എത്ര നേരം വേണേലും വായിച്ചിരിക്കുമെന്ന് എനിക്കറിയാം…..
നിങ്ങൾ സമയം പോലും നോക്കില്ല….
എത്ര പേജ് ആയെന്നോ എത്ര പാരഗ്രാഫ് ആയെന്നോ ഒക്കെ നോക്കാൻ നിങ്ങൾ ചിലപ്പോൾ മറന്നു പോയിട്ടുണ്ടാകും…..
ചിലപ്പോൾ വായിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഞാൻ നിങ്ങളുടെ മനസ്സിൽ തോന്നിപ്പിക്കും ഞാനിത് വായിച്ച് തുടങ്ങിയിട്ട് ഇതെത്ര സമയമായി..?
ഇതെന്താ തീരാത്തത്…
അങ്ങനെ തോന്നുമ്പോൾ കൃത്യം ഞാൻ നിർത്തുകേം ചെയ്യും…
അതാണ് നിങ്ങളുടെ സ്വന്തം നന്ദൂസ്..
എനിക്ക് നിങ്ങൾ ഓരോരുത്തരോടും അടക്കാനാകാത്ത സ്നേഹമാണ്..!!
എപ്പോഴും പറയുന്നത് തന്നെ പറഞ്ഞു കൊണ്ട് വാക്കുകൾ ചുരുക്കട്ടെ…
പുകയരുത്..
ജ്വലിക്കണം..!!
ചങ്കുകൾ ഓരോരുത്തർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
Post Your Comments