വാഷിംഗ്ടണ്‍: അമേരിക്കയില്‍ കറുത്തവര്‍ഗക്കാരന് നേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം കത്തുന്നു. പ്രതിഷേധക്കാര്‍ക്കുനേരെ ഉണ്ടായ പോലീസ് വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുഎസ് നഗരമായ വിസ്‌കൊണ്‍സിനിലെ കെനോഷയിലാണ് സംഭവം.
ഞായറാഴ്ച ജേക്കബ് ബ്ലേയ്ക്ക് (29) എന്ന യുവാവിനു നേരെയുണ്ടായ പോലീസ് വെടിവയ്പിന് എതിരെയാണ് പ്രതിഷേധം കത്തുന്നത്. കാറില്‍ ചാരിയിരിക്കുമ്പോള്‍ നിരവധി തവണയാണ് ബ്ലേയ്ക്കിന് വെടിയേറ്റത്. അദ്ദേഹത്തിന് വീണ്ടും നടക്കാന്‍ അദ്ഭുതം സംഭവിക്കേണ്ടിവരുമെന്ന് അഭിഭാഷകര്‍ പറഞ്ഞു. വെടിവയ്പ്പില്‍ പരിക്കേറ്റ് അരയ്ക്കു താഴെ തളര്‍ന്ന ബ്ലേയ്ക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
പോലീസ് അതിക്രമത്തിനു പിന്നാലെ കെനോഷയിലും സമീപപ്രദേശങ്ങളിലും ശക്തമായ പ്രതിഷേധം തുടരുകയാണ്. സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചതായി വിസ്‌കൊണ്‍സിന്‍ ഗവര്‍ണര്‍ ടോണി എവേര്‍സ് പറഞ്ഞു. തെരുവുകളില്‍ കെട്ടിടങ്ങള്‍ പലതും പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി.
മെയ് 25ന് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് അമര്‍ത്തി പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇ തിന്റെ പ്രതിഷേധം കെട്ടടങ്ങും മുന്‌പേയാണ് ബ്ലേയ്ക്കിനെതിരായ ആക്രമണം.
Post Your Comments