ഓണക്കാലത്തെ പ്രധാന അനുഷ്ഠാനകലയാണ് വേലൻ തുള്ളൽ. ‘ഓണം തുള്ളൽ‘ എന്നു കൂടി പേരുള്ള ഈ കല വേല സമുദായത്തിൽപ്പെട്ടവരാണ് അവതരിപ്പിക്കുന്നത്. ഉത്രാടനാളിലാണ് ആദ്യം കളി തുടങ്ങുന്നത്, സംഘം വീടുകൾതോറും കയറിയിറങ്ങി കലാപ്രകടനം നടത്തും. വേലൻ, വേലത്തി, പത്ത് വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി, കുടുംബത്തിൽ പെട്ട ഏതെങ്കിലും ഒരു പുരുഷൻ ഇവരാണ് സാധാരണയായി സംഘത്തിൽ ഉണ്ടാവുക. ഓട്ട് കിണ്ണത്തിൽ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷൻ കൊട്ടുമ്പോൾ വേലത്തി കൈത്താളമിടുന്നു. പെൺകുട്ടി കുരുത്തോല കൊണ്ട് നിർമിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യും. ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പിൽ വച്ചാണ് ആദ്യപ്രകടനം നടത്തുന്നത്. തുടർന്ന് നാട്ടിലെ പ്രമാണിമാരുടെ ഭവനങ്ങളിലും നടത്തും.
ഗണപതി, സരസ്വതി എന്നിവരെ വന്ദിച്ച് കൊണ്ടുള്ള പാട്ട് കഴിഞ്ഞാൽ മാവേലിയുടെ വരവിനെ പ്രകീർത്തിച്ചു കൊണ്ട് പാട്ടുകൾ പാടും. തുടർന്ന് സന്താനഗോപാലം പാനയിലെ വൈകുണ്ഠദർശനം മുഴുവനും പാടും. പിന്നീട് അമ്മാനമാട്ടം, പാറാവളയം, കുടനിവർത്തൽ, അറവുകാരൻ എന്നീ കലാപ്രകടനങ്ങളും വേലത്തി നടത്തും. നാടിനും നാട്ടാർക്കും തമ്പുരാനും ക്ഷേമൈശ്വര്യങ്ങൾ നേർന്ന് വേലൻ തുള്ളൽ അവസാനിക്കുമ്പോൾ നാട്ട് പ്രമാണി വേലനും കുടുംബത്തിനും സമൃദ്ധമായി കഴിയാൻ വേണ്ട വക സമ്മാനിക്കും.
Post Your Comments