KeralaLatest NewsNews

50 ലക്ഷത്തിന്റെ കള്ളക്കടത്ത് സ്വര്‍ണം ഏല്‍പ്പിച്ചില്ല, ഗള്‍ഫില്‍ നിന്ന് എത്തിയ യുവാവിനെ തേടി ഗുണ്ടാം സംഘം ക്വാറന്റയിന്‍ കേന്ദ്രത്തില്‍

 

കൂത്തുപറമ്പ് : നഗരമധ്യത്തില്‍ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാറാലില്‍ നിര്‍ദിഷ്ട ബസ് സ്റ്റാന്‍ഡ് സൈറ്റിനു സമീപത്തെ സ്വകാര്യ ലോഡ്ജില്‍ ഇരിട്ടി സ്വദേശിയായ യുവാവ് കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയതാണ് മലപ്പുറത്തു നിന്നുള്ള ക്വട്ടേഷന്‍ ടീം. തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കളും മലപ്പുറം സംഘവും തമ്മില്‍ ഏറ്റുമുട്ടി.

read also :വിസയുള്ളവര്‍ക്ക് ആറ് മാസം കഴിഞ്ഞാലും ദുബായിലേക്ക് മടങ്ങി വരാം : വിശദാംശങ്ങള്‍ പുറത്തുവിട്ട് യുഎഇ മന്ത്രാലയം

യുവാവ് ഗള്‍ഫില്‍ നിന്ന് 50 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിക്കൊണ്ടു വന്നതായും ഇത് ഉടമയെ ഏല്‍പിക്കാത്തതിനാല്‍ ആണ് ക്വട്ടേഷന്‍ ടീം കൂത്തുപറമ്പില്‍ എത്തിയതെന്നും പറയുന്നു. ഈ മാസം 9നാണ് ദിന്‍ഷാദ് എന്ന പേരാമ്പ്ര സ്വദേശി സ്വര്‍ണവുമായി കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്.

ധാരണ പ്രകാരം ഒന്നു രണ്ടു മണിക്കൂറിനുള്ളില്‍ സ്വര്‍ണം കൈമാറണമായിരുന്നു. എന്നാല്‍ സ്വര്‍ണം കിട്ടാതായതോടെ യുവാവിനെ അന്വേഷിച്ചു പേരാമ്പ്രയിലും ഇരിട്ടിയിലെ ഭാര്യ വീട്ടിലും ഗുണ്ടാസംഘം എത്തി. പിന്നീട് ഇവര്‍ എങ്ങനെയോ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സംഘടിപ്പിച്ചാണു കൂത്തുപറമ്പിലെത്തുന്നത്. ദിന്‍ഷാദിന്റെ നിരീക്ഷണ കാലാവധി ഇന്നലെ അവസാനിക്കുന്ന വിവരം അറിഞ്ഞാണ് ഇവിടെ സംഘം പ്രത്യക്ഷപ്പെട്ടത്.

2 വാഹനങ്ങളിലായി ആണ് മലപ്പുറം സംഘം എത്തിയത്. വിവരം മനസ്സിലാക്കിയ യുവാവിന്റെ അളിയനും സംഘവും ഇവിടെ എത്തി. നേരത്തെ തന്നെ കെട്ടിടത്തിനകത്തു കയറിയ ഗുണ്ടാസംഘത്തിലെ 4 പേര്‍ കെട്ടിടത്തിലെ രണ്ടാം നിലയില്‍ നിന്നു ദിന്‍ഷാദിനെ എടുത്തുകൊണ്ടുവന്നു കാറിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കെട്ടിടത്തിനകത്തു നിന്നും യുവാവിനെ രണ്ടുപേര്‍ ചേര്‍ന്നു ബലമായി പിടിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ഈ സമയം ദിന്‍ഷാദിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ നാലുപേര്‍ മറ്റൊരു കാറില്‍ എത്തി ഇവരെ ഇടിച്ചു തെറിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണു നാട്ടുകാരില്‍ നിന്നു വിവരം അറിഞ്ഞ് പൊലീസ് എത്തുന്നത്. പൊലീസ് എത്തുമ്പോഴേക്ക് മലപ്പുറത്തു നിന്ന് എത്തിയ സംഘത്തെ ദിന്‍ഷാദിന്റെ കൂട്ടുകാരും ബന്ധുക്കളും ചേര്‍ന്നു മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. ഇതില്‍ രണ്ടുപേര്‍ തലശ്ശേരി ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനു നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മലപ്പുറത്തു നിന്നെത്തിയവരെ മര്‍ദിച്ചതിനു കൊലപാതക ശ്രമത്തിന് 4 പേര്‍ക്ക് എതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നു പോലീസ് കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ ഒന്നും പറയാന്‍ തയാറായില്ല.

വിസ സംബന്ധമായ വിഷയമാണ് പ്രശ്‌നത്തില്‍ കലാശിച്ചതെന്നാണു മൊഴി നല്‍കിയത്. പിന്നീടു വിശദമായി ചോദ്യം ചെയ്തതോടെയാണു യഥാര്‍ഥ കാരണം പുറത്തുവന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button