ന്യൂഡൽഹി : കോവിഡ് രോഗമുക്തി നേടിയ ശേഷവും ചിലരിൽ ന്യൂറോ, ഓട്ടോ ഇമ്യൂൺ, കാർഡിയോ വാസ്കുലർ ലക്ഷണങ്ങൾ കാണപ്പെടുന്നതായി റിപ്പോർട്ട്. ഇതിന്റെ ഫലമായി സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്, വിവിധ അവയവങ്ങളുടെ നീരുവീക്കം, സൈറ്റോക്കൈൻ സ്റ്റോം, രുചിയും ഗന്ധവും നഷ്ടമാകൽ തുടങ്ങിയവ ആഴ്ചകളോളം ഉണ്ടാകാം. പുതിയ കണ്ടെത്തലിന്റെ വെളിച്ചത്തിൽ ലോകമെങ്ങും കോവിഡ് ചികിത്സയിൽ മാറ്റം വരുത്തുന്നുണ്ട്.
രോഗം തിരിച്ചറിയപ്പെട്ട് എട്ടു മാസത്തിനു ശേഷവും സാർസ് കോവ്–2 വൈറസിന്റെ സവിശേഷതകൾ ഗവേഷകർ പൂർണമായി മനസ്സിലാക്കുന്നതേയുള്ളൂ. ‘രോഗമുക്തരിൽ പകുതിയോളം ആളുകൾക്കും ലക്ഷണങ്ങൾ ബാക്കിയാണ്. ക്ഷീണവും തളർച്ചയും മുതൽ ശ്വാസംമുട്ടൽവരെ കോവിഡ് നെഗറ്റീവായശേഷവും കാണാറുണ്ട്. ചിലയാളുകളിൽ ഈ രോഗലക്ഷണങ്ങൾ ആഴ്ചകളോളം നീണ്ടുനിൽക്കും’ – ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സീനിയർ പൾമണോളജിസ്റ്റ് ഡോ. രാജേഷ് ചൗള പറഞ്ഞു.
നാലു മാസം മുൻപു കോവിഡ് മുക്തനായ 53 കാരനെ ശ്വാസംമുട്ടൽ, തളർച്ച, തലവേദന തുടങ്ങിയവ അലട്ടുന്നുണ്ടെന്നും ഡോ. രാജേഷ് പറഞ്ഞു. വടക്കുകിഴക്കൻ ഡൽഹിയിൽ യമുന വിഹാറിൽ താമസിക്കുന്ന വ്യാപാരി ജയ്നും സമാന അനുഭവം പങ്കിട്ടു. ‘ഏപ്രിലിൽ സൗജന്യ ഭക്ഷണ വിതരണത്തിനു കുടിയേറ്റ തൊഴിലാളികളുടെ ക്യാംപ് സന്ദർശിച്ചതിനെത്തുടർന്ന് താനുൾപ്പെടെ കുടുംബത്തിലെ നാലു പേർക്ക് രോഗം വന്നു. ഏപ്രിലിൽത്തന്നെ രോഗമുക്തി നേടി. പക്ഷേ, ഇപ്പോഴും ക്ഷീണവും ഉറക്കമില്ലായ്മയും ഉണ്ട്’ – ജയ്ൻ പറഞ്ഞു.
Post Your Comments