മെൽബൺ ∙ കോവിഡ് കാരണം അവയവങ്ങൾക്കു സംഭവിക്കുന്ന പ്രശ്നങ്ങളുടെ പ്രവചന ഉപാപചയ മാതൃക വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഓസ്‌ട്രേലിയയിലെ മർഡോക്ക് യൂണിവേഴ്‌സിറ്റി, യുകെയിലെ കേംബ്രിജ് സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതു കണ്ടെത്തിയത്. ഒന്നിലേറെ അവയവങ്ങളെ ദോഷകരമായി ബാധിക്കുന്ന മൾട്ടി ഓർഗൻ മെറ്റബോളിക് ഡിസീസ് ആണ് കോവിഡ് എന്നാണ് ഇവരുടെ നിഗമനം.
ഒരു കൂട്ടം കോവിഡ് രോഗികളിൽനിന്ന് രക്തത്തിലെ പ്ലാസ്മ സാംപിൾ ശേഖരിക്കുകയായിരുന്നു ആദ്യപടി. ഇവരുമായി പൊരുത്തപ്പെടുന്ന കോവിഡില്ലാത്ത, ആരോഗ്യമുള്ളവരുടെയും സാംപിളുകളെടുത്തു. രണ്ടു ഗ്രൂപ്പിലെയും സാംപിളുകൾ താരതമ്യപ്പെടുത്തിയുള്ള പഠനത്തിലാണു നിർണായക വിവരങ്ങൾ വെളിപ്പെട്ടത്.
കരളിന്റെ ശേഷിക്കുറവ്, ഡിസ്ലിപിഡീമിയ, പ്രമേഹം, ഹൃദ്രോഗ സാധ്യത എന്നിവ ഉൾപ്പെട്ട ആഴത്തിലുള്ള സൂചനകളാണു ലഭിച്ചത്. യഥാർഥ സാർസ് വൈറസ് ബാധിച്ച രോഗികളിൽ ഉണ്ടാകുന്ന ദീർഘകാല പ്രത്യാഘാതങ്ങളുമായി ഇവയെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ‘പ്രധാനപ്പെട്ട നിരീക്ഷണം കോവിഡ് രോഗത്തിൽ ഒന്നിലധികം അവയവങ്ങൾ ഉൾപ്പെടുന്നുവെന്നും ഭൂരിഭാഗം രോഗികൾക്കും ശ്വാസകോശ അസുഖത്തിനൊപ്പം പുതുതായി പ്രമേഹവും കരൾ തകരാറും സംഭവിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു എന്നുമാണ് മർഡോക്ക് സർവകലാശാലയിലെ പ്രഫ. ജെറമി നിക്കോൾസൺ പറയുന്നത്.
Post Your Comments