ന്യൂഡല്‍ഹി: വടക്കന്‍ ലഡാക് അതിര്‍ത്തിയിലെ പാംഗോഗ് തടാകക്കരയിലെ ഫിംഗര്‍പോയിന്റ് പ്രദേശങ്ങളില്‍ നിന്ന് ഇരു പക്ഷവും തുല്യമായി സൈന്യങ്ങളെ പിന്‍വലിക്കണമെന്ന ചൈനയുടെ നിര്‍ദ്ദേശം ഇന്ത്യ തള്ളി. ഇന്ത്യ നിയന്ത്രണ രേഖയായി കരുതുന്ന ഫിംഗര്‍ എട്ടില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ ഉള്ളിലായാണ് ചൈനീസ് സൈന്യം നിലയുറപ്പിച്ചിട്ടുള്ളത്. മേയില്‍ ഫിംഗര്‍ നാലുവരെ കടന്നുകയറി ടെന്റുകളും മറ്റും സ്ഥാപിച്ചിരുന്ന ചൈന പിന്നെ ചര്‍ച്ചകളെ തുടര്‍ന്ന് അല്പം പിന്‍വാങ്ങിയിരുന്നു.
ഇതിന് ആനുപാതികമായി പിന്‍വാങ്ങണമെന്ന ആവശ്യമാണ് ഇന്ത്യ തള്ളിയത്. മുമ്പ് തങ്ങളുടെ സൈന്യം പട്രോളിംഗ് നടത്തിയിരുന്ന ഫിംഗര്‍ എട്ടുവരെയുള്ള പ്രദേശം സ്വതന്ത്രമാക്കണമെന്നും അതിനു ശേഷം ചര്‍ച്ചയാകാമെന്നും ഇന്ത്യ വ്യക്തമാക്കി. നിയന്ത്രണ രേഖ സംബന്ധിച്ച് തര്‍ക്കമുള്ള സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ധാരണ ചൈന ലംഘിച്ചെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ അതിര്‍ത്തിയില്‍ എവിടെ തുടരാനും ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് രാജ്യം ചൈന മുന്‍പോട്ട് വച്ച ഉപാധി തള്ളിയത്. ഈ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനികതല ചര്‍ച്ച വീണ്ടും നടക്കും. രാജ്യാതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ചൈനയുടെ പുതിയ ഉപാധി ഇന്ത്യ തള്ളുന്നത്.
Post Your Comments