തിരുവനന്തപുരം • ജനങ്ങളുടെ പ്രതിപക്ഷ നേതാവ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ എം.എൽ.എ. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തിയ ഉപവാസ സമരവും എറണാകുളം ജില്ലയുടെ വെർച്വൽ റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം മുഴുവൻ യാത്ര ചെയ്ത് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്ന നേതാവാണ് സുരേന്ദ്രൻ. സംസ്ഥാന സർക്കാരിൻെറ അഴിമതിക്കെതിരെ മുന്നിൽ നിന്നും പോരാടുകയാണ് അദ്ദേഹം. യു.ഡി.എഫിൻെറ അഴിമതി ഭരണത്തിന് ശേഷം അധികാരത്തിലെത്തിയ പിണറായി സർക്കാർ ജനങ്ങളുടെ പ്രതീക്ഷകൾ തകർത്തു. സ്വർണ്ണം കടത്തുന്നത് ഭീകരപ്രവർത്തനങ്ങൾക്ക് പണം എത്തിക്കാനാണെന്ന് ജനങ്ങൾക്ക് മനസിലായി കഴിഞ്ഞു. അതുകൊണ്ടാണ് രാജ്യസ്നേഹികൾ മുഴുവൻ സർക്കാരിനെതിരെ തിരിഞ്ഞതെന്നും രാജഗോപാൽ പറഞ്ഞു.
പിണറായി വിജയൻ ഒട്ടകപക്ഷിയെ പോലെയാണെന്ന് മറുപടി പ്രസംഗത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു. തല മണ്ണിൽ പൂഴ്ത്തി വെച്ചാൽ ആരും കാണില്ലെന്നാണ് ഒട്ടകപക്ഷി കരുതുന്നത്. അതുപോലെ അഴിമതി നടത്തി മിണ്ടാതിരുന്നാൽ ആർക്കും മനസിലാവില്ലെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. സ്വർണ്ണക്കടത്തിനെതിരായ സമരം പുരോഗമിക്കുമ്പോൾ യു.ഡി.എഫ് പിൻമാറും. അല്ലെങ്കിൽ അവരുടെ പലമാന്യൻമാരുടേയും മുഖംമൂടി അഴിഞ്ഞുവീഴും. 10-15 വർഷങ്ങളായി കേരളത്തിൽ സ്വർണ്ണക്കടത്ത് നടക്കുന്നുണ്ട്. അന്വേഷണം യു.ഡി.എഫിലെ പലരിലേക്കും എത്തും. ജനങ്ങൾക്ക് ഇതറിയാവുന്നതു കൊണ്ടാണ് അവർ ബി.ജെ.പിയെ മാത്രം ഉറ്റുനോക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, സംസ്ഥാന സെക്രട്ടറിമാരായ സി.ശിവൻകുട്ടി,കരമന ജയൻ, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, എറണാകുളം ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.എസ് ഷൈജു എന്നിവർ പങ്കെടുത്തു.
Post Your Comments