Latest NewsIndiaNews

വിദ്വേഷപ്രചാരണത്തെ ഒരിക്കലും അനുകൂലിക്കില്ല ; നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്

ദില്ലി: വിദ്വേഷപ്രചാരണത്തെ ഒരിക്കലും അനുകൂലിക്കില്ലെന്ന് ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജിത് മോഹന്‍. ഫേസ്ബുക്കിന്റെ നയം ഒരുവിഭാഗത്തോട് അനുകൂലമാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ജീവനക്കാര്‍ക്ക് വ്യത്യസ്ത രാഷ്ട്രീയമുണ്ടാകാമെങ്കിലും ഫേസ്ബുക്കിന്റെ നിലപാട് നിഷ്പക്ഷമാണെന്നും ഉള്ളടക്കത്തെ സംബന്ധിച്ച തീരുമാനം ഒരാളുടേതല്ലെന്നും അജിത് മോഹന്‍ വ്യക്തമാക്കി. വിദ്വേഷ പ്രചരണത്തില്‍ ഫേസ്ബുക്ക് ബിജെപിയെ പിന്തുണക്കുന്നുവെന്ന ആരോപണത്തില്‍ ആദ്യമായാണ് ഫേസ്ബുക്ക് അധികൃതര്‍ പ്രതികരിക്കുന്നത്.

സെപ്റ്റംബര്‍ രണ്ടിന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ തലവനായ പാര്‍ലമെന്ററി ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകണമെന്ന് ഫേസ്ബുക്കിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചരണത്തിന് അനുകൂലമായ നിലപാടാണ് ഫേസ്ബുക്ക് സ്വീകരിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിദ്ധീകരണമായ ‘ദ് വാള്‍സ്ട്രീറ്റ് ജേണല്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രംഗത്തെത്തി.

ഫേസ്ബുക്കും വാട്‌സാപ്പും ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിയന്ത്രണത്തിലാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ വെടിവച്ചു കൊല്ലണമെന്ന ബിജെപി നേതാവ് ടി.രാജ സിങ്ങിന്റെ ഫേസ്ബുക് പ്രസ്താവനയെ പരാമര്‍ശിച്ചാണു ദ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് തുടങ്ങുന്നത്.

ബിജെപി പ്രവര്‍ത്തകരുടെ നിയമലംഘനങ്ങള്‍ ശിക്ഷിക്കുന്നത് രാജ്യത്തെ കമ്പനിയുടെ ബിസിനസ് സാധ്യതകളെ തകര്‍ക്കും എന്ന് സോഷ്യല്‍ മീഡിയ ഭീമന്റെ എക്സിക്യൂട്ടീവ് പറഞ്ഞതായും ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെയും മുന്‍ ജീവനക്കാരെയും ഉദ്ധരിച്ച് ലേഖനത്തില്‍ ബിജെപിയോട് വിശാലമായ പക്ഷപാതിത്വമാണ് ഫേസ്ബുക്കിനുള്ളതെന്നും ചൂണ്ടികാണിക്കുന്നു. ഫെയ്സ്ബുക്കിന്റെ ലോകത്തിലെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ 28 കോടി സജീവ ഉപയോക്താക്കളാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button