തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വികസനത്തിനായുളള സ്ഥലം ഏറ്റെടുപ്പ് പ്രതിസന്ധിയിലേക്ക്. സ്വകാര്യവല്‍ക്കരണം നടപ്പായാല്‍ സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ട എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് പിന്നാലെ ഭൂമികൈമാറ്റത്തില്‍ സര്‍ക്കാരുമായുണ്ടാക്കിയ ധാരണയില്‍ നിന്നും പിന്‍മാറുകയാണെന്ന് സ്ഥലം ഉടമകളും അറിയിച്ചു. സ്വകാര്യ കമ്പനിക്ക് സ്ഥലം വിട്ടുനല്‍കാനാവില്ലെന്ന് സ്ഥലം ഉടമകളുടെ നേതൃത്വത്തിലുളള ആക്ഷന്‍ കൗണ്‍സിലും വ്യക്തമാക്കുന്നു.
സ്ഥലപരിമിതി കൊണ്ട് വീര്‍പ്പുമുട്ടുന്ന തിരുവനന്തപുരം വിമാനത്താവളം കൂടുതല്‍ ഭൂമി ഏറ്റെടുത്ത് വികസിപ്പിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഡൊമസ്റ്റിക്, ഇന്റര്‍നാഷണല്‍ ടെര്‍മിനലുകള്‍ വെവ്വേറെ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ് തിരുവനന്തപുരത്തെ ഏറ്റവും വലിയ പോരായ്മ. സ്ഥലം ഏറ്റെടുത്ത് ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ നിര്‍മ്മിക്കുക എന്നത് വിമാനത്താവള വികസനത്തില്‍ നിര്‍ണ്ണായകമാണ്. റണ്‍വേ വികസനത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനും പദ്ധതിയുണ്ട്.
2005ല്‍ സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള വികസനത്തിനായി 23.57 ഏക്കര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. നിലവിലുളള 636 ഏക്കറിന് പുറമേ 18 ഏക്കര്‍ കൂടി ഏറ്റെടുക്കാനും തീരുമാനമായി. ഏറെക്കാലമായി ഇഴഞ്ഞ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വീണ്ടും തുടങ്ങിയത് രണ്ട് വര്‍ഷം മുന്‍പാണ്. സ്ഥലം ഉടമകളുമായി ധാരണയിലെത്തി നടപടികള്‍ വീണ്ടും തുടങ്ങുന്നതിനിടയാണ് സ്വകാര്യവല്‍ക്കരണ നീക്കം. അങ്ങനെയെങ്കില്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ ഇനി സര്‍ക്കാര്‍ മുന്‍ക്കൈയ്യെടുക്കില്ല. സര്‍ക്കാര്‍ ഒഴിയുകയാണെങ്കില്‍ സ്വകാര്യ കമ്പനികള്‍ സ്ഥലം വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് ഭൂവുടമകള്‍.
Post Your Comments