തിരുവനന്തപുരം : അനിശ്ചിതകാല സമരം തുടങ്ങി ജൂനിയർ നഴ്‌സുമാർ. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഏഴ് മെഡിക്കല്‍ കോളജുകളില്‍, കോവിഡ് ഡ്യൂട്ടിയിലുള്ളവര്‍ അടക്കം 375 നഴ്സുമാരാണ് സമരം ചെയ്യുന്നത്. സ്റ്റാഫ് നഴ്‌സുമാരുടെ അടിസ്ഥാന വേതനം തങ്ങള്‍ക്കും ലഭ്യമാക്കണം. നിലവിൽ ലഭിക്കുന്ന ശമ്പളം 13900 രൂപയാണ്. ഇത് സ്റ്റാഫ് നഴ്‌സിന് ലഭിക്കുന്ന അടിസ്ഥാന ശമ്പളമായ 27800 രൂപയായി ഉയർത്തണമെന്നാണ് ജൂനിയര്‍ നഴ്‌സുമാരുടെ ആവശ്യം.
കോവിഡ് കാലത്ത് നഴ്‌സുമാർ സമരത്തിനിറങ്ങുന്നത് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തിൽ പ്രതിസന്ധിയാകും. എന്നാൽ കോവിഡ് ചികിത്സ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മറ്റെല്ലാവർക്കും ശമ്പളം വർദ്ധിപ്പിച്ചെങ്കിലും ജൂനിയർ നഴ്‌സുമാരെ നാല് വർഷമായി ആരോഗ്യവകുപ്പ് അവഗണിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. ബിഎസ്ഇ നഴ്‌സിങ് പൂർത്തിയാക്കി കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒരു വർഷത്തെ ഇൻറേൺഷിപ്പിന് പ്രവേശിച്ചവരാണിവർ.
വേതനം പുതുക്കുന്നതില്‍ ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണെന്നും മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെയാണ് സമരമെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്. നഴ്സിംഗ് കോഴ്സിലെ ബോണ്ടിന്റെ ഭാഗമായുള്ള നിര്‍ബന്ധിത സേവനമാണെന്നിരിക്കെ സമരം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കി.
Post Your Comments