ദില്ലി : ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഏകദിന വൈസ് ക്യാപ്റ്റനും ഓപ്പണിംഗ് ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മയ്ക്കുള്‍പ്പെടെ അഞ്ച് പേര്‍ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡിനര്‍ഹരായി. രോഹിത്തിന് പുറമെ ടേബിള്‍ ടെന്നീസ് താരം മണിക ബാത്ര, ഗുസ്തി താരം വിനേഷ് ഫോഗാട്ട്, ഇന്ത്യന്‍ വനിതാ ഹോക്കി ടീം കളിക്കാരന്‍ റാണി, പാരാ അത്ലറ്റ് മരിയപ്പന്‍ തങ്കവേലു എന്നിവരാണ് ഈ വര്‍ഷത്തെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായത്. ഇത് ആദ്യമായാണ് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിന് അഞ്ച് പേര്‍ ഒരുമിച്ചു അര്‍ഹരാവുന്നത്. 2016ല്‍ ബാഡ്മിന്റന്‍ താരം പി.വി. സിന്ധു, ജിംനാസ്റ്റ് ദീപ കര്‍മാകര്‍, ഷൂട്ടിങ് താരം ജിത്തു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിര്‍ ഒരുമിച്ച് പുരസ്‌കാരത്തിന് അര്‍ഹരായിരുന്നു.
രോഹിത്തിനെ കൂടാതെ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, അടുത്തിടെ വിരമിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മഹേന്ദ്ര സിംഗ് ധോണി, നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവര്‍ക്ക് മാത്രമാണ് ക്രിക്കറ്റ് താരങ്ങളില്‍ രാജ്യത്തെ പരമോന്നത കായിക ബഹുമതി ലഭിച്ചിട്ടുള്ളത്. ഐസിസി ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി മാറിയ ഹിറ്റ്മാന്‍ കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്.
ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടിയതാണ് വിനേഷ് ഫോഗട്ടിനെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് വിനേഷ് ഫോഗട്ട്. 2016ലെ റിയോ പാരാലിംപിക്‌സ് ഗെയിംസില്‍ ഹൈജംപിലെ സ്വര്‍ണനേട്ടമാണ് മാരിയപ്പന്‍ തങ്കവേലുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും ഏഷ്യന്‍ ഗെയിംസില്‍ വെങ്കലുവും നേടിയാണ് ടേബിള്‍ ടെന്നീസ് താരം മണിക ബത്ര ഖേല്‍രത്‌നക്ക് അര്‍ഹയായത്. ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹയാവുന്ന മൂന്നാമത്തെ മാത്രം ഹോക്കി താരവും ആദ്യ വനിതാ താരവുമാണ് ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍.
അതേസമയം, ദ്യുതി ചന്ദ് ഉള്‍പ്പെടെ 27 കായികതാരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിക്കും, കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സന്ദേശ് ജിങ്കാന്‍, ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ, വനിതാ ക്രിക്കറ്റ് താരം ദീപ്തി ശര്‍മ ഹോക്കി താരം അക്ഷദിപ് സിംഗ് എന്നിവരും അര്‍ജ്ജുന പുരസ്‌കാരത്തിന് അര്‍ഹരായി. അഞ്ച് കോച്ചുകള്‍ക്ക് ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കും.
ജസ്റ്റിസ് (റിട്ട.) മുകുന്ദകം ശര്‍മ (മുന്‍ സുപ്രീം കോടതി ജഡ്ജി) എന്നിവരുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. പ്രമുഖ കായികതാരങ്ങള്‍ അടങ്ങുന്ന മറ്റ് അംഗങ്ങളും കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. ധ്യാന്‍ചന്ദ് അവാര്‍ഡിനായി 15 കായികതാരങ്ങളെയും ലൈഫ് ടൈം വിഭാഗത്തില്‍ ദ്രോണാചാര്യ അവാര്‍ഡിനായി എട്ട് കോച്ചുകളെയും തിരഞ്ഞെടുത്തു.
2020 ഓഗസ്റ്റ് 29 ന് രാഷ്ട്രപതി ഭവനില്‍ നിന്ന് വെര്‍ച്വല്‍ മോഡ് വഴി പ്രത്യേകം സംഘടിപ്പിച്ച ചടങ്ങില്‍ അവാര്‍ഡ് ലഭിച്ചവര്‍ക്ക് പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍ നിന്ന് അവാര്‍ഡുകള്‍ ലഭിക്കും.
Post Your Comments