കൊച്ചി: സംസ്ഥാനത്ത് ഒരു അഗതി മന്ദിരത്തിലെ 18 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പള്ളുരുത്തിയിലെ അഗതി മന്ദിരത്തിലാണ് 18 കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ അഗതി മന്ദിരത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും കോവിഡ് പരിശോധന നടത്തി. കൂടുതല്‍ കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അഗതി മന്ദിരം എഫ്എല്‍റ്റിസി ആക്കി ചികിത്സ നല്‍കാനും ആലോചനയുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 78 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 109 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
Post Your Comments