കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നൽകിയത് അഴിമതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നത് കയ്യിട്ട് വാരാൻ അവസരം ലഭിക്കാത്തതിലുള്ള നിരാശയിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്ത് തെളിവിൻെറ അടിസ്ഥാനത്തിലാണ് കടകംപള്ളി ആരോപണം ഉന്നയിക്കുന്നതെന്നും വെർച്വൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. കേരളത്തിലെ രണ്ട് വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചവരാണ് ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൻെറ കാര്യത്തിൽ സ്വകാര്യവത്ക്കരണത്തെ എതിർക്കുന്നത്. കേന്ദ്രസർക്കാരിൻെറ കരാറുകളെല്ലാം സുതാര്യമാണ്. സംസ്ഥാന സർക്കാരിനെ പോലെ പി.ഡബ്ല്യു.സിക്കും കെ.പി.എം.ജിക്കും ഊരാളുങ്കലിനുമൊന്നും വഴിവിട്ട സഹായം ചെയ്യലല്ല കേന്ദ്രത്തിൻെറ രീതി. വിദേശകുത്തകകളെ എല്ലാകാര്യവും ഏൽപ്പിക്കുന്ന പിണറായി സർക്കാർ ഇന്ത്യൻ കമ്പനിയായതുകൊണ്ടാണോ അദാനിയെ എതിർക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി നടത്തിപ്പിൽ വിദേശ സന്നദ്ധസംഘടനകൾ മുതൽ മുടക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ചോയെന്ന് സംസ്ഥാനം വ്യക്തമാക്കണം. സർക്കാർ എം.ഒ.യു പുറത്തുവിടാത്തത് ദുരൂഹമാണ്. സംസ്ഥാന സർക്കാരിൻെറ പ്രൊജക്ടിൽ അന്താരാഷ്ട്ര സ്വർണ്ണക്കടത്തുകാർ കമ്മീഷൻ വാങ്ങിയെന്ന് വ്യക്തമായിട്ടും എന്തുകൊണ്ടാണ് സർക്കാർ അന്വേഷണം നടത്താത്തത്. പാവങ്ങൾക്ക് വീട് നിർമ്മിക്കാനുള്ള പദ്ധതിയിൽ 20 ശതമാനം കമ്മീഷൻ പോയത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരിലേക്കാണ്. അതുകൊണ്ടാണ് അദ്ദേഹം ചെയർമാനായ പദ്ധതിയിൽ നടന്ന അഴിമതിയെ പറ്റി അന്വേഷിക്കാൻ മുഖ്യമന്ത്രി തയ്യാറാവാത്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 20 കോടിയുടെ പദ്ധതിക്ക് 15 കോടി കിട്ടിയാൽ മതിയോയെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പാവങ്ങളെ പറ്റിച്ച് അന്താരാഷ്ട്ര സ്വർണ്ണക്കടത്തുകാരെ സഹായിക്കുന്ന മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ്. ജോ.ചീഫ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ ഹഖിനെ ഉപയോഗിച്ചാണ് ജലീൽ സ്വർണ്ണം കടത്തിയത്. ഒരു വർഷമായി ഒരുതരത്തിലുള്ള കസ്റ്റംസ് ക്ലിയറൻസും നടന്നിട്ടില്ലെന്നാണ് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ പറയുന്നത്. ജലീൽ ഇപ്പോൾ ന്യായീകരണം പോലും നിർത്തിയ അവസ്ഥയിലാണ്. സർക്കാരിൻെറ കൊള്ളരുതായ്മകൾക്കെതിരെ വാർത്ത കൊടുക്കുന്ന മാദ്ധ്യമപ്രവർത്തകരെ വേട്ടയാടുകയാണ് ഇടത് സർക്കാർ. പി.ആർ.ഡി.യെ പാർട്ടി പോഷക സംഘടനയാക്കി മാറ്റി മാദ്ധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താനാണ് ശ്രമം. പിണറായി സർക്കാരിൻെറ അഴിമതിക്കെതിരെ ബി.ജെ.പി സമരം ശക്തമാക്കും. 23 ന് തിരുവനന്തപുരത്ത് താൻ സത്യാഗ്രഹം ഇരിക്കുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു.
Post Your Comments