മലയാളികളുടെ ദേശീയ ഉത്സവമാണ് ഓണം. മഹാബലിയോടൊപ്പം തന്നെ വാമനനെയും ഓണത്തിന് മലയാളികൾ ഓർക്കാറുണ്ട്. വാമന പ്രധാന പ്രതിഷ്ഠയായുള്ള ക്ഷേത്രങ്ങൾ വളരെ വിരളമാണ്. അതിൽ എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ സ്ഥിതി ചെയ്യുന്ന തൃക്കാക്കര വാമനമൂർത്തി ക്ഷേത്രമാണ് പ്രധാനം. ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം ഓണം തന്നെയാണ്. ഈ ദിവസത്തെ ഓണസദ്യയും വളരെ പ്രസിദ്ധമാണ്. ഇതിനുപുറമേ മഹാബലിയുടെ ആസ്ഥാനം തൃക്കാക്കര ആയിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.
അതേസമയം ഓണം വാമനജയന്തിയാണെന്നുള്ള വാദങ്ങളും നിലനിൽക്കുന്നുണ്ട്. ഇതിന് തൃക്കാക്കര ക്ഷേത്രവുമായി ബന്ധുമുണ്ട്. തൃക്കാക്കരയുടെ മഹത്വം കേട്ടറിഞ്ഞ കപിലമഹർഷി മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി ഇവിടെയെത്തി കഠിനതപസ് അനുഷ്ഠിച്ചു. അങ്ങനെ, തപസിൻ്റെ സംതൃപ്തനായ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് മഹർഷിയുടെ ആഗ്രഹപ്രകാരം ഇവിടെ തന്നെ കുടികൊള്ളാൻ തീരുമാനിച്ചു. മഹാവിഷ്ണു വാമനാവതാരം പൂണ്ട് പാദം വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് തിരുക്കാൽക്കര എന്ന പേര് ഈ സ്ഥലത്തിന് വന്നത്.
Post Your Comments