KeralaLatest NewsNews

സാക്ഷരതാ മിഷൻ തസ്തികകളിൽ സി.പി.എം പ്രവർത്തകരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ ശ്രമം അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി

തിരുവനന്തപുരം : സാക്ഷരതാ മിഷന്റെ സാങ്കൽപ്പിക തസ്തികകളിൽ പ്രവർത്തിച്ചുവരുന്ന സി.പി.എം പ്രവർത്തകരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ ഗൂഢമായ ശ്രമം അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. പത്തുവർഷം പൂർത്തിയാക്കിയവരെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താൻ വരുന്ന മന്ത്രിസഭായോഗത്തിൽ ഔദ്യോഗികമായി തീരുമാനിക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 14 ജില്ലാ കോഡിനേറ്റർമാർ, 36 അസിസ്റ്റൻറ് കോഡിനേറ്റർമാർ, ഓഫീസ് അസിസ്റ്റന്റുമാർ തുടങ്ങിയ വിവിധ തസ്തികകളിലാണ് സർക്കാർ അനധികൃത നിയമനം നടത്താൻ ശ്രമിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടപ്പാക്കുന്ന ഭരണപരവും സാമ്പത്തികവുമായ ചുമതല നിർവഹിക്കാൻ നിലവിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർ ജില്ലകളിൽ സാക്ഷരതാ മിഷൻ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു വരുന്നുണ്ട്. ഇതു കൂടാതെയാണ് സീനിയർ ഹയർ സെക്കൻഡറി അധ്യാപകരുടെ കാറ്റഗറിയിൽ ഉൾപ്പെടുത്തി ധനവകുപ്പിൽ നിന്നും 42000 രൂപയ്ക്ക് മുകളിൽ വരെ ശമ്പളം വാങ്ങുന്ന ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർമാരെ നിശ്ചയിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

2016 – ന് ശേഷം മാത്രം ഒമ്പത് കോടി രൂപയാണ് ഇത്തരത്തിലുള്ള അനധികൃത നിയമങ്ങളിലൂടെ പൊതുഖജനാവിൽ നിന്ന് നഷ്ടം സംഭവിച്ചിട്ടുള്ളത്. വേതന ക്രമക്കേടിനെ കുറിച്ചുള്ള വിജിലൻസ് അന്വേഷണം ധനമന്ത്രിയുടെ ഇടപെടലിലൂടെ എങ്ങുമെത്താത്ത സാഹചര്യം നിലനിൽക്കുമ്പോഴാണ് സർക്കാർ ഇത്തരത്തിലുള്ള അനധികൃത നിയമങ്ങളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ പി.എസ്.സി വഴിയുള്ള നിയമനങ്ങൾ നിശ്ചലമായിരിക്കുന്ന സാഹചര്യത്തിലും വ്യാപകമായ പിൻവാതിൽ നിയമനങ്ങൾ നടക്കുന്നു എന്നുള്ളത് യാഥാർഥ്യമാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

കോവിഡ് കാലത്ത് ചിലവുകൾ കുറയ്ക്കുന്നതിനു പകരം ഇത്തരത്തിൽ അനാവശ്യ തസ്തികകൾ സൃഷ്ടിച്ചു കൊണ്ട് ഖജനാവ് കൊള്ളയടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. തൊഴിൽ തേടുന്ന ലക്ഷക്കണക്കിന് യുവാക്കളെ വഞ്ചിച്ചു കൊണ്ടാണ് സർക്കാർ ഇത്തരത്തിലുള്ള പിൻവാതിൽ നിയമനങ്ങൾ നടത്തുന്നത്. യുവാക്കളെയും പൊതുസമൂഹത്തെയും ഒരേ പോലെ കബിളിപ്പിക്കുന്ന പിണറായി സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നു വരണമെന്നും ഹമീദ് വാണിയമ്പലം വ്യക്‌തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button