ന്യൂഡല്‍ഹി:കൊവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താനുള്ള പി.എം. കെയേഴ്സ് ഫണ്ടിലെ തുക ദേശീയ ദുരന്ത പ്രതികരണ നിധിയിലേക്ക് (എന്‍.ഡി.ആര്‍.എഫ്.) മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളി.
പി. എം. കെയേഴ്സ് എന്‍. ഡി. ആര്‍. എഫില്‍ നിന്ന് വ്യത്യസ്തമാണെന്നും കൊവിഡിനായി പുതിയ ദേശീയ ദുരന്ത പ്രതികരണ നിധി തുടങ്ങേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനും ജസ്റ്റിസ്മാരായ ആര്‍ സുഭാഷ് റെഡി, എം. ആര്‍. ഷാ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് അഭിപ്രായപ്പെട്ടു.
എന്‍.ഡി.ആര്‍.എഫിലേക്ക് വ്യക്തഗത സംഭാവനകള്‍ നല്‍കാന്‍ നിയമപരമായ തടസമില്ലെന്നും കോടതി പറഞ്ഞു. പി.എം. കെയേഴ്സ് ചാരിറ്റബിള്‍ ട്രസ്റ്റാണെന്നും അതില്‍ ആര്‍ക്കും സംഭാവന നല്‍കാമെന്നും കേന്ദ്രം കഴിഞ്ഞയാഴ്ച കോടതിയെ അറിയിച്ചിരുന്നു. പി. എം. കെയേഴ്സ് പോലുള്ള പബ്ലിക് ട്രസ്റ്റിന് ലഭിക്കുന്ന സംഭാവനകള്‍ എന്‍. ഡി. ആര്‍. എഫ് പോലുള്ള സ്റ്റാറ്റിയൂട്ടറി ഫണ്ടിലേക്ക് മാറ്റണമെന്നത് തെറ്റിദ്ധാരണയാണെന്നും എന്‍. ഡി. ആര്‍. എഫിന്റെ ഫണ്ട് കേന്ദ്ര സംസ്ഥാന ബഡ്ജറ്റുകളില്‍ വകയിരുത്തുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
Post Your Comments