ആലപ്പുഴ: കായംകുളത്ത് സി പി എം പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വെറ്റമുജീബ് എന്ന മുജീബ് റഹ്മാൻ പിടിയിൽ. സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകനായ സിയാദിനെ കൊലപ്പെടുത്തിയ ശേഷം ഉണ്ടായ സoഘർഷത്തിൽ വെട്ടേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കുള്ള രണ്ട് പേരെ കൂടി കേസിൽ പിടികൂടാനുണ്ട്.
കായംകുളത്തെ സി പി എം പ്രവർത്തകനായ വൈദ്യൻ വീട്ടിൽ സിയാദിനെ ചൊവ്വാഴ്ച രാത്രി കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പൊലീസ് കസ്റ്റഡിയിലായത്. ക്വട്ടേഷൻ സംഘാംഗമായ വെറ്റ മുജീബിനെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. സിയാദിനെ കുത്തി വീഴ്ത്തിയതിന് ശേഷം ഉണ്ടായ സംഘർഷത്തിൽ മുജീബിനും വെട്ടേറ്റിരുന്നു. തുടർന്ന് രക്ഷപെട്ട ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു.
മുജീബ്, ഷഫീക്ക്, വിക്ടോബ ഫൈസൽ, തക്കാളി ആഷിഷ് എന്നിവർ ഒത്ത് ചേർന്നാണ് കൃത്യം നിർവഹിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. വിക്ടോബിനെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ കായംകുളം നഗരസഭ കൗൺസിലർ നിസാമിനെയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. പരിക്കേറ്റ മുജീബിനെ വീട്ടിൽ കാറിൽ എത്തിച്ചത് കോൺഗ്രസ് കൗൺസിലറായ നിസാം ആണ്. കൃത്യം നിർവഹിച്ച വിവരം പ്രതികൾ നിസാമിനോട് പങ്കുവെച്ചിട്ടും നിസാം ഇക്കാര്യം മറച്ചുവെച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ.
അതേസമയം കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പോലീസ് സ്റ്റേഷനുകളിൽ 25ൽപരം കേസുകളിൽ പ്രതിയാണു വെറ്റ മുജീബ്. ജയിൽ മോചിതനായി കഴിഞ്ഞ നാല് മാസമായി നാട്ടിൽ കഴിയുകയായിരുന്നു ഇയാളെന്നും പൊലീസ് പറഞ്ഞു.
Post Your Comments