ഹൈദരാബാദ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ തെലങ്കാന സര്‍ക്കാര്‍ നടപടിക്കെതിരേ ബിജെപി എംഎഎല്‍എയും ഗണേശ ചതുര്‍ത്ഥി ആഘോഷ കമ്മറ്റികളും.
ഗണേശ ചതുര്‍ത്ഥിക്ക് പൊതു ആഘോഷത്തിന് അനുമതി നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ വിവിധ ആഘോഷ കമ്മറ്റികള്‍ രംഗത്ത് വന്നിരുന്നു. കോവിഡ് കണക്കിലെടുത്ത് പൊതുഇടത്തില്‍ ഗണേശ മണ്ഡപങ്ങള്‍ സ്ഥാപിക്കരുതെന്നും ആഘോഷങ്ങള്‍ വീടുകളില്‍ ഒതുക്കണമെന്നും മന്ത്രി തലസാനി ശ്രീനിവാസ യാദവ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാൽ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരേ ഹൈദരാബാദില്‍ നിന്നുള്ള ബിജെപി നിയമസഭാംഗം ടി.രാജാസിങ് രംഗത്തെത്തി. “കോവിഡ് അടുത്ത വര്‍ഷം വരെ തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതുവരെ പ്രാര്‍ത്ഥനയും ആഘോഷവും വേണ്ടെന്നാണോ സര്‍ക്കാര്‍ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഗണേശ മണ്ഡപങ്ങള്‍ക്കും വിഗ്രഹങ്ങളുടെ എണ്ണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വിഗ്രഹ നിര്‍മാതാക്കളെയും കലാകാരന്മാരെയും മോശമായി ബാധിക്കുമെന്നും രാജാസിങ് പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന് ആരോപിച്ച അദ്ദേഹം എന്തുകൊണ്ടാണ് ഈദ് ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ തോതില്‍ അനുമതി നല്‍കിയെന്നും ചോദിച്ചു.
Post Your Comments