ദുബായ് : ഗൾഫ് രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും നേരിയ വർദ്ധനവുണ്ടെങ്കിലും രോഗമുക്തരായവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. സൗദി, കുവൈറ്റ് എന്നിവ ഒഴികെ മറ്റ് ഗൾഫ് രാജ്യങ്ങളിലെല്ലാം രോഗമുക്തി നിരക്ക് 90 ശതമാനത്തിന് മുകളിലാണ്.ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സൗദി അറേബ്യയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഇവിടെ രോഗവ്യാപന നിരക്ക് കുറഞ്ഞു വരുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1,409 രോഗികളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 301,323 ആയി. 86 ശതമാനമാണ് സൗദിയിലെ രോഗമുക്തി നിരക്ക്. പുതുതായി 34 മരണമാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇനി 24,942 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി സൗദിയിൽ പ്രതിദിന രോഗികളുടെ എണ്ണം 2000 ത്തിൽ താഴെയും മരണം 50ൽ താഴെയുമാണ്. ആകെ 3,470 പേരാണ് സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചത്.
ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക് ഖത്തറിലാണ്. 97 ശതമാനമാണ് ഖത്തറിലെ രോഗമുക്തി നിരക്ക്. ഇതുവരെ 115,368 പേർക്ക് ഖത്തറിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ വെറും 3,087 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ആകെ 193 പേർ മരിച്ച ഖത്തറിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 293 കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്.47,185 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ബഹ്റൈനിൽ ഇനി 3,481 പേരാണ് ചികിത്സയിലുള്ളത്. ആകെ 175 പേരാണ് ബഹ്റൈനിൽ ഇതേവരെ മരിച്ചത്. ബഹ്റൈനിൽ പുതുതായി 3 മരണവും 350 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യു.എ.ഇയിൽ ആകെ 64,906 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 6,383 പേരാണ് ചികിത്സയിലുള്ളത്. 364 പേർ ഇതേവരെ രാജ്യത്ത് മരിച്ചു. 366 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയിലുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണിത്. പുതുതായി 2 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് യു.എ.ഇയിൽ വീണ്ടും രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്.
ഒമാനിൽ 4,844 പേരാണ് ചികിത്സയിൽ തുടരുന്നത്. ആകെ 83,418 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ മരണം 597 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 192 പേർക്കാണ് ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചത്. 9 പേർ മരിച്ചു. ഒമാനിൽ കഴിഞ്ഞ ദിവസം മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നിരുന്നു. അഞ്ച് മാസത്തോളമായി അടഞ്ഞു കിടന്ന പല മേഖലകളും ഇതോടെ വീണ്ടും തുറക്കാൻ അനുമതി ലഭിച്ചു. മത്സ്യ മാർക്കറ്റുകൾ, പ്രിന്റിംഗ്, ഹോട്ടലുകളിലെ ജിം, സ്വിമ്മിംഗ് പൂൾ തുടങ്ങിയവ തുറക്കാനും അനുവാദം നൽകിയിരുന്നു.
കുവൈറ്റിൽ ആകെ രോഗികൾ 77,470 പേരാണ്. ഇതിൽ 69,243 പേർക്ക് രോഗം ഭേദമായി. രാജ്യത്തെ ആകെ മരണം 505 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റിൽ പുതുതായി 643 കേസുകളും 3 മരണവും റിപ്പോർട്ട് ചെയ്തു. കുവൈറ്റിൽ നിയന്ത്രണങ്ങൾക്ക് ഇളവുകൾ നൽകുന്നതിന്റെ നാലാംഘട്ടം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ ബാർബർ ഷോപ്പുകളും സലൂണുകളും ബസ് സർവീസുകളും മറ്റും ആരംഭിച്ചിട്ടുണ്ട്.
Post Your Comments