മലപ്പുറം : പൂർണ ഗര്‍ഭിണിയായ കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തതില്‍ അഞ്ചു പേരെ വനം വകുപ്പ് അറസ്റ്റു ചെയ്തു. സംഭവത്തിൽ ഒരാളെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. പുഞ്ച സ്വദേശികളായ പുല്ലാര നാണിപ്പ എന്ന അബു(47), പാറോത്തൊടിക മുഹമ്മദ് ബുസ്താന്‍ (30), തലക്കോട്ടുപുറം മുഹമ്മദ് അന്‍സിഫ് (23), ചെമ്മല ആഷിഖ് (27), പിലാക്കല്‍ സുഹൈല്‍ (28) എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. പുഞ്ചയിലെ തന്നെ നറുക്കില്‍ സുരേഷ് ബാബുവിനെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
അതിക്രൂരമായിട്ടാണ് ഇവർ കാട്ടുപോത്തിനെ വേട്ടയാടിയത്. സംഭവത്തെക്കുറിച്ച് വനം വകുപ്പ് പറയുന്നത് ഇങ്ങനെ- രഹസ്യ വിവരത്തെ തുടര്‍ന്ന് ഈ മാസം 10ന് രാത്രിയിലാണ് പാട്ടക്കരിമ്പ് പുഞ്ച പുല്ലാര നാണിപ്പ എന്ന അബുവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഇയാളുടെ വീട്ടിൽ നിന്നും 25 കിലോ ഇറച്ചി പിടിച്ചെടുത്തു.
നിലമ്പൂര്‍ സൗത്ത് വനം ഡിവിഷനില്‍ കാളികാവ് റേഞ്ചിന് കീഴിലെ ചക്കിക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പുഞ്ച വനത്തിലാണ് വേട്ട നടന്നത്. പുഞ്ച സ്വകാര്യ തോട്ടത്തിന് മുകള്‍ഭാഗത്ത് പൂപ്പാതിരിപ്പാറക്കു സമീപം പ്രസവിക്കാനിടം തേടി നടന്ന പൂർണ ഗര്‍ഭിണിയായ കാട്ടുപോത്തിനെ ആണ് ഇവർ വെടിവച്ച് കൊന്നത്. വയർ പിളർത്തിയപ്പോൾ കണ്ട പൂർണ വളർച്ച എത്തിയ ഭ്രൂണവും ഇവർ വെട്ടിമുറിച്ചു ഇറച്ചിയാക്കി.
200 കിലോയിൽ അധികം മാംസം ഇവർ പങ്കുവെച്ചു. രണ്ട് തലയോട്ടികള്‍, മറ്റു അവശിഷ്ടങ്ങള്‍ എന്നിവ കാട്ടില്‍ പലയിടങ്ങളില്‍ തള്ളി. കാട്ടു പോത്തിന്റെ എല്ലുകളും ശരീരാവശിഷ്ടങ്ങയും ഭ്രൂണാവശിഷ്ടങ്ങളും വേട്ട സാമഗ്രികളും കാട്ടിൽ പലയിടത്തു നിന്നും കണ്ടെടുത്തു. പ്രതികൾ കാണിച്ചുകൊടുത്തത് പ്രകാരം അന്വേഷണ സംഘമാണ് ഇവ കണ്ടെടുത്തത്.
തോക്ക് നാണിപ്പ എന്ന അബുവിന്റെയാണ്. ഇയാൾ തന്നെയാണ് വെടിവച്ചതെന്ന് വനം വകുപ്പ് പറയുന്നു. വെറ്ററിനറി സര്‍ജന്‍ ഡോ.കെ.എന്‍.നൗഷാദലി ജഡം പരിശോധന നടത്തി. കാളികാവ് റേഞ്ച് ഓഫിസര്‍ പി.സുരേഷിന്റെ നേതൃത്വത്തിൽ ചക്കികുഴി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.സക്കീര്‍ ഹുസൈനും സംഘവും ആണ് പ്രതികളെ പിടികൂടിയത്.
Post Your Comments