ന്യൂ ഡൽഹി : സ്വയംപര്യാപ്തത ഇന്ത്യക്കു മുന്നിലുള്ള വെല്ലിവിളികൾ മറികടക്കും, ആ സ്വപ്നം രാജ്യം സാക്ഷാത്കരിക്കും. ആത്മനിർഭർ ഭാരത് 130 കോടി ജനങ്ങളുടെ മന്ത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 74-ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശീയ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ ഇന്ത്യ എല്ലാ റെക്കോർഡുകളും മറികടന്നു. സാന്പത്തിക വളർച്ചയ്ക്കും വികസനത്തിനുമാണ് സർക്കാർ ഊന്നൽ നൽകുന്നത്. ലോകമാകെ ഒരു കുടുംബമാണെന്നാണ് ഇന്ത്യ എന്നും വിശ്വാസിച്ചിട്ടുള്ളത്. മാനുഷിക മൂല്യങ്ങൾക്കും അതിൽ നിർണായക സ്ഥാനമുണ്ട്. ഒരു കാലത്ത് ഭക്ഷ്യസുരക്ഷ നമുക്ക് ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യ മറ്റു രാജ്യങ്ങളിലേക്കും ഭക്ഷണം കയറ്റുമതി ചെയ്യുന്നു. മെയ്ക്ക് ഇൻ ഇന്ത്യയോടൊപ്പം മെയ്ക്ക് ഫോർ വേൾഡും വേണം.
രാജ്യത്ത് സൈബർ സുരക്ഷാ നയം ഉടൻ നടപ്പാക്കും. ആറു ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കും. ആയിരം ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുവാൻ പുതിയ പദ്ധതി തയാറാക്കും. 110 കോടി ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് നടപ്പാക്കുവാൻ ലക്ഷ്യമിടുന്നത്. 7000 പദ്ധതികൾ ഇതിന് കീഴിൽ കണ്ടെത്തി. രണ്ടു കോടി വീടുകളിൽ ഒരു വർഷത്തിനുള്ളിൽ കുടിവെള്ളം എത്തിച്ചു. ആത്മനിർഭറിന് നിരവധി വെല്ലുവിളികൾ ഉണ്ടാകും. ആഗോള കിടമത്സരത്തിൽ ഈ വെല്ലുവിളികളെ അംഗീകരിക്കുന്നുവെന്നും. എന്നാൽ ലക്ഷം വെല്ലുവിളികൾക്ക് കോടി പരിഹാരങ്ങൾ നൽകാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കിഴക്കൻ ലഡാക്ക് അതിർത്തിയിലെ കടന്നുകയറ്റത്തിൽ ചൈനയെ പ്രധാനമന്ത്രി പരോക്ഷമായി വിമർശിച്ചു. വെട്ടിപ്പിടിക്കൽ നയത്തെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ടെന്നും, ലഡാക്കിലെ ഇന്ത്യൻ ശക്തി ലോകം കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദവും വെട്ടിപ്പിടിക്കൽ നയവും ഒരേ പോലെ നേരിടും. അതിര്‍ത്തിയിലെ പ്രകോപനത്തിന് അതേ നാണയത്തില്‍ രാജ്യം മറുപടി നൽകി. ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരം അർപ്പിക്കുന്നതായും അറിയിച്ചു. ജമ്മു കാഷ്മീരിൽ മണ്ഡല പുനർനിർണയത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments