തിരുവനന്തപുരം: 74-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്ന് വന്നിരിക്കുന്നത്. കോവിഡിനെത്തുടർന്നുള്ള പ്രതിസന്ധിയുടെ കാലത്തും ആരുടെയും അന്നം മുട്ടാതെ സഹായമെത്തിച്ച് രാജ്യത്തിന് മാതൃകയാവാൻ കേരളത്തിന് സാധിച്ചതായി മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു.
സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം………………………
നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്.
നമ്മളൊന്നിച്ചാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം പങ്കാളികളായി. ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണികിടക്കരുത് എന്നതായിരുന്നു സര്‍ക്കാരിന്റ നയം. ആരുടേയും അന്നം മുട്ടാത്തതരത്തില്‍ സഹായം എത്തിച്ച് രാജ്യത്തിനു തന്നെ നാം മാതൃകയായി.
വിദ്യാഭ്യാസമാണ് ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയിലേയ്ക്കുള്ള വാതില്‍ എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കോവിഡ് കാലത്തും നമ്മുടെ കുട്ടികളുടെ പഠനവും പരീക്ഷയും മുടങ്ങാതിരിക്കാനുള്ള നടപടികള്‍ നാം സ്വീകരിച്ചു. പരീക്ഷകളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കി. ഉപരിപഠനത്തിനുള്ള അവസരമൊരുക്കി. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനും സാധിച്ചു. ജനപിന്തുണയോടെയാണ് ഇതെല്ലാം സാധ്യമാക്കിയത് എന്നതാണ് സര്‍ക്കാരിന്റെ അഭിമാനം.
കോവിഡിന് ഒപ്പം ഇനിയും നമുക്ക് സഞ്ചരിക്കേണ്ടിവരും എന്നാണ് സാഹചര്യങ്ങളും വിദഗ്ധാഭിപ്രായങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കണമെന്ന് കൂടിയാണ് അതിന്റെ അര്‍ത്ഥം. ഭേദ ചിന്തകള്‍ക്ക് അതീതമായി മാനവികത വളര്‍ത്തിയെടുക്കുകയാണ് ഈ കാലഘട്ടത്തിനാവശ്യം. ദളിത് ന്യൂനപക്ഷ പിന്നോക്ക ദുര്‍ബല വിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തി നമുക്കു മുന്‍പോട്ടു പോകേണ്ടതുണ്ട്. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായി പോയവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടല്ലാതെ വികസനം സാധ്യമാക്കാനാകില്ല.
സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കാകെ ഈ മഹാമാരിയുടെ കാലത്തും ആശ്വാസമേകാന്‍ സര്‍ക്കാരിനായിട്ടുണ്ട്. ഏതുതരത്തിലുള്ള പ്രയാസങ്ങളുണ്ടായാലും അതിനെയെല്ലാം അതിജീവിക്കാനുള്ള ഇച്ഛാശക്തി നമുക്കുണ്ട്. അതിന്റെ പിന്‍ബലത്തിലാണ് വലിയ തോതിലുള്ള വികസനവും സര്‍വ്വ മേഖലയിലുമുള്ള വലിയ മുന്നേറ്റവും ഇനിയും നമുക്ക് ആര്‍ജിക്കേണ്ടത്.
മുഴുവന്‍ ഇന്ത്യാക്കാരുടെയും ഐക്യവും പരസ്പരവിശ്വാസവും ഊട്ടിയുറപ്പിച്ചു കൊണ്ടും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ഭരണഘടനാസ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടും സാമ്രാജ്യത്വ നീക്കങ്ങളെ ചെറുത്തുകൊണ്ടും പൗരാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടും മതനിരപേക്ഷതയെ ശക്തിപ്പെടുത്തിക്കൊണ്ടും പുതിയ ഒരിന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തില്‍ നമുക്കൊന്നായി കൈകോര്‍ക്കാം. ബഹുസ്വരതയുടെ വര്‍ണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നമുക്ക് നീങ്ങാം. സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാം.
Post Your Comments