
ബെംഗളൂരു: ബെംഗളൂരു അക്രമക്കേസില്‍ കസ്റ്റഡിയിലായിരുന്ന പ്രതി മരിച്ചു. കെജി ഹള്ളി സ്വദേശിയായ സയ്യാദ് നദീം (24) ആണ് ചികിത്സയ്ക്കിടെ ബോറിംഗ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. നെഞ്ചുവേദന, വയറുവേദന, ശ്വാസതടസ്സം എന്നിവയെക്കുറിച്ച് സയാദ് നദീം പരാതിപ്പെട്ടിരുന്നുവെന്നും ഇയാള്‍ കോവിഡ് ബാധിതനായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഓഗസ്റ്റ് 12 ന് പ്രതിയെ അറസ്റ്റുചെയ്യുകയും തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലുമായിരുന്നു പ്രതി.
അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കുമായി ഡിജെ ഹാലി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതേസമയം, ഈ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് താന്‍ വ്യക്തത നല്‍കിയിട്ടുണ്ടെന്ന് മുന്‍ മേയര്‍ സമ്പത്ത് രാജ് പറഞ്ഞു.
എഎന്‍ഐയോട് സംസാരിച്ച അദ്ദേഹം ‘ഈ വിഷയത്തില്‍ എന്തിനാണ് തന്റെ പേര് വലിച്ചിടുന്നതെന്ന് തനിക്കറിയില്ലെന്നും ഈ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് താന്‍ വ്യക്തത നല്‍കിയതാണെന്നും പറഞ്ഞു.
ഓഗസ്റ്റ് 11 നാണ് ബെംഗളൂരുവിന്റെ ചില ഭാഗങ്ങളില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ അനന്തരവന്‍ നവീന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ ചൊല്ലിയായിരുന്നു കലാപം അറങ്ങേറിയത്. ഇയാള്‍ ഇസ്ലാം മതത്തെ അപമാനിച്ചു എന്നു പറഞ്ഞായിരുന്നു ആക്രമണം. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 60 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 11 എഫ്‌ഐആറുകളാണ് ബെംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ 206 പേര്‍ അറസ്റ്റിലായിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണം ഉടന്‍ തുടങ്ങും. കലാപത്തെക്കുറിച്ച് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലാപത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്നും സംഘടനയെ നിരോധിക്കാനുള്ള നടപടി തുടരുകയാണെന്നും കര്‍ണാടക അഭ്യന്തരമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
കലാപവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 206 ആയെന്നും അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും ബെംഗളൂരു ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ പറഞ്ഞു. നഗരത്തില്‍ വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന തുടരുകയാണ്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയും തുടരുന്നുണ്ട്.
Post Your Comments