KeralaLatest NewsNews

പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം സർക്കാർ ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെട്ടിമുടി സന്ദർശനത്തിന് ശേഷം ചേർന്ന അവലോകന യോഗം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെട്ടിമുടിയിലെ ദുരന്ത വിവരം പുറത്തറിഞ്ഞശേഷം ഏറ്റവും ജാഗ്രതയോടെയുള്ള രക്ഷാപ്രവർത്തനമാണ് അവിടെ നടന്നത്. ഇതിൽ എല്ലാവരും നല്ല പങ്കാളിത്തം വഹിച്ചു. ഇപ്പോഴും തിരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: കോവിഡില്‍ നിന്നും രോഗമുക്തി നേടിയവര്‍ പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

മരണപ്പെട്ട കുടുംബങ്ങളുടെ അവസ്ഥ പരിശോധിക്കുമ്പോൾ ചുരുക്കം ചിലർ മാത്രമാണ് ആ കുടുംബങ്ങളിൽ അവശേഷിക്കുന്നത്. ചിലർ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളു. രക്ഷപ്പെട്ട കുടുംബങ്ങളിൽ കുട്ടികളുണ്ട്. അവരുടെ വിദ്യാഭ്യാസം നടപ്പാക്കേണ്ടതുണ്ട്. ഒരു പ്രദേശം ഒന്നിച്ചു പോകുന്ന അവസ്ഥയാണ് ഉണ്ടായത്.
പുതിയ വീടുകൾ അവിടെ പണിയുക പ്രയാസകരമാണ്. പുതിയ വീടും പുതിയ സ്ഥലവും ഇവർക്ക് വേണ്ടി കണ്ടെത്തേണ്ടിവരും. മുമ്പ് ഉരുൾപൊട്ടൽ ഉണ്ടായ പുത്തുമലയിലും കവളപ്പാറയിലും സർക്കാർ കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തി. അതേ നിലപാട് തന്നെ പെട്ടിമുടിയിലും സർക്കാർ സ്വീകരിക്കും. ഇവിടെ സർക്കാർ കാണുന്നത് കമ്പനി നല്ല രീതിയിൽ സഹായവുമായി മുന്നോട്ടു വരുമെന്നു തന്നെയാണ്. കമ്പനി പ്രതിനിധികളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സ്ഥലം വേണം സ്ഥലത്തോടൊപ്പം വീട് നിർമിച്ചു നൽകാനുള്ള സഹായവും വേണം. അതിൽ കമ്പനിക്ക് ചെയ്യാനുള്ളത് ചെയ്യുക എന്നതാണ് ഇപ്പോൾ അഭ്യർത്ഥന നടത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഈ കുടുംബങ്ങൾക്കാകെ പുതിയ വീട് നിർമ്മിച്ചു നൽകാൻ സർക്കാർ സന്നദ്ധമാണ്. കുട്ടികളുടെ കാര്യത്തിൽ വിദ്യാഭ്യാസം തുടർന്നു നടക്കേണ്ടതുണ്ട്. കുട്ടികളുടെ തുടർന്നുള്ള വിദ്യഭ്യാസവും ചെലവും സർക്കാർ വഹിക്കുന്നതാണ്. ഇപ്പോൾ രക്ഷപ്പെട്ടവരും ആശുപത്രിയിൽ ചികിത്സയിലാണ്. അവരുടെ ചികിത്സാ ചെലവ് മുഴുവൻ സർക്കാരാണ് വഹിക്കുന്നത്. പ്രത്യേകമായി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അത് പ്രത്യേകമായി തന്നെ സർക്കാർ പരിഗണിക്കും. അതോടൊപ്പം കമ്പനിയുടെ ഭാഗത്തുനിന്നും ചില നടപടികൾ കൂടി ഉണ്ടാവേണ്ടതായുണ്ട്. പെട്ടിമുടിയിൽ നിന്നും മറ്റ് ലയങ്ങളിലേക്ക് മാറി താമസിക്കുന്നവർക്ക് നിലവിൽ വരുമാനമില്ല. അത്തരം കാര്യങ്ങൾ കമ്പനി പരിഗണിച്ച് അവർക്ക് ആവശ്യമായ സഹായം ചെയ്യണം. ലയങ്ങളുടെ അറ്റകുറ്റപ്പണികൾ അടക്കം ചില കാര്യങ്ങൾ കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അതിന് കമ്പനി തയ്യാറാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളിൽ ഒന്ന് ലയങ്ങളുടെ പൊതുവായ പ്രശ്‌നമാണ്. അത് സർക്കാരിന്റെ ഗൗരവമായ പരിഗണനയിൽ ഉള്ള കാര്യമാണ്. ഇടമലക്കുടിയിലേക്കുള്ള റോഡുകളുടെ പ്രശ്‌നം ജനപ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അതും മുമ്പെതന്നെ സർക്കാരിന്റെ പരിഗണനയിൽ ഉള്ള കാര്യമാണ്. ചില കാര്യങ്ങൾ പരിഹരിച്ചിട്ടുണ്ട്. ശേഷിക്കുന്ന കാര്യങ്ങൾ കൂടി സർക്കാരിന്റെ പരിഗണനയിൽ കൊണ്ടുവരുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button