മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായ മലപ്പുറത്ത് സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നു. വൈറസ് പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്ന മലപ്പുറം ജില്ലാ കളക്ടർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
ആൻ്റിജൻ പരിശോധനയിലാണ് കളക്ടർ കെ.ഗോപാലകൃഷ്ണന് കോവിഡ് പോസിറ്റീവായത്. കളക്ടറെ കൂടാതെ സബ് കളക്ടർ, അസിസ്റ്റൻ്റ് കളക്ടർ എന്നിവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതു കൂടാതെ ജില്ലാ കളക്ട്രേറ്റിലെ 20 ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിന് ഇന്നലെ കോവിഡ് പോസീറ്റീവായിരുന്നു. ഗൺമാന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് അബുദൾ കരീമിനെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. എസ്പിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന കളക്ടർ അടക്കമുള്ളവരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
അതേസമയം കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരുന്നൂറിലേറെ കോവിഡ് കേസുകളാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്കും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Post Your Comments