ദില്ലി : കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ ഇന്ത്യ പരമാവധി ശ്രമിച്ചുവെന്നും കോവിഡ് -19 രോഗികളില്‍ രാജ്യത്തിന്റെ രോഗമുക്തി നിരക്ക് ലോകത്തിലെ ഏറ്റവും ഉയര്‍ന്നതാണെന്നും മരണനിരക്ക് ഏറ്റവും താഴ്ന്നതാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. 130 കോടിയിലധികം ജനസംഖ്യയുള്ള, ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ, യുഎസിനും ബ്രസീലിനും ശേഷം പകര്‍ച്ചവ്യാധി ബാധിച്ച ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ്.
കോവിഡിന്റെ ആദ്യ കേസ് ജനുവരിയില്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, രാജ്യത്ത് ഈ വൈറസിന്റെ സാമ്പിളുകള്‍ പരീക്ഷിക്കാന്‍ ഒരു ലബോറട്ടറി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ ഇപ്പോള്‍ ആറുമാസത്തിനുള്ളില്‍ ഇന്ത്യ 1,400 ലബോറട്ടറികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ദില്ലി മെഡിക്കല്‍ അസോസിയേഷന്റെ (ഡിഎംഎ) 106-ാം ഫൗണ്ടേഷന്‍ ദിനാഘോഷത്തില്‍ പങ്കെടുത്ത് കൊണ്ട് വര്‍ധന്‍ പറഞ്ഞു.
കോവിഡ് പടര്‍ന്നു പിടിക്കുന്ന സമയത്ത് രോഗികളെ ചികിത്സിക്കുന്നതിനിടെ ഡ്യൂട്ടിയില്‍ മരിച്ച 245 ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ വിദഗ്ധര്‍ എന്നിവര്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള ആഗോള ലക്ഷ്യത്തെക്കാള്‍ അഞ്ച് വര്‍ഷം മുന്നോടിയായി 2025 ഓടെ ക്ഷയരോഗം ഇല്ലാതാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
2022 അവസാനത്തോടെ രാജ്യത്ത് ആയുഷ്മാന്‍ ഭാരത്-പിഎംജെ പ്രോഗ്രാം പ്രകാരം 1.5 ലക്ഷം വെല്‍നസ് സെന്ററുകള്‍ കമ്മീഷന്‍ ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 1994 ല്‍ ആദ്യത്തെ ‘പള്‍സ് പോളിയോ കാമ്പെയ്ന്‍’ വിജയകരമാക്കുന്നതിന് ദില്ലി മെഡിക്കല്‍ അസോസിയേഷന്‍ (ഡിഎംഎ) അംഗങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ സംഭാവന നല്‍കിയതിന് ഹര്‍ഷ് വര്‍ധന്‍ നന്ദി അറിയിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ ഒരു പോളിയോ കേസും പോലും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യയെ പോളിയോ വിമുക്ത രാഷ്ട്രമാക്കി മാറ്റാന്‍ സഹായിച്ച ഡിഎംഎയുടെ സംഭാവന അനുസ്മരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
Post Your Comments