സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമുള്ള പങ്ക് കൂടുതൽ വ്യക്തമാകുന്നുവെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം : സ്വർണക്കടത്തിൽ സർക്കാരിനും മുഖ്യമന്ത്രിയ്ക്കും ഉള്ള പങ്ക് കൂടുതൽ വ്യക്തമാകുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

23 തവണയാണ് നയതന്ത്ര ബാഗേജ് ക്ലീയർ ചെയ്യാൻ പ്രോട്ടോക്കോൾ ഓഫീസർ അനുമതി നൽകിയത്. സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് വി.ഡി സതീശനും സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിന് എം.ഉമ്മറും ഇന്ന് രാവിലെ നോട്ടീസ് നൽകി. സഭ വിളിച്ചുചേർക്കുന്നതിന് പതിനഞ്ച് ദിവസം മുമ്പ് അംഗങ്ങളെ അറിയിക്കണമെന്നാണ് ചട്ടം. അതു പാലിക്കാതെ 14 ദിവസത്തിന് മുമ്പ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകണമായിരുന്നുവെന്ന് സ്‌പീക്കർ പറ‌ഞ്ഞത് തെറ്റാണ്. അത്തരത്തിലുള്ള പ്രസ്‌താവന സ്‌പീക്കർ നടത്തിയത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്‌പീക്കർക്കെതിരെയുള്ള ഏത് ചർച്ചയ്‌ക്കും തയ്യാറെന്നായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നത്. അവിശ്വാസ പ്രമേയം രണ്ടോ മൂന്നോ ദിവസങ്ങളെടുത്താണ് ചർച്ച ചെയ്യേണ്ടത്. ഈ മാസം പതിനേഴിന് സഭ ടി.വിയുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കും. സഭ ടി.വിയോട് എതിർപ്പില്ല. എന്നാൽ സ്‌പീക്കർക്കെതിരെ നോട്ടീസ് നൽകിയ ശേഷം ആ പരിപാടിയിൽ പങ്കെടുക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Share
Leave a Comment