
കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊപ്പം കേരളത്തില്‍ സാന്നിധ്യമുപ്പിച്ച തീവ്രവാദ സംഘടനകളുടെ വേരറുക്കാനും ലക്ഷ്യമിട്ട് എന്‍ഐഎ. വിവിധ സംസ്ഥാനങ്ങളില്‍ അറസ്റ്റിലായ തീവ്രവാദ ബന്ധമുള്ള വ്യക്തികളില്‍നിന്നു ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ തീവ്രവാദം പിടിമുറുക്കിയതായി വിവരം പുറത്തുവന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ പരിശോധന ശക്തമാക്കി. സ്ലീപ്പര്‍ സെല്ലുകളുടെ പ്രവര്‍ത്തനം കണ്ടെത്താന്‍ അസാധാരണമായ നീക്കങ്ങളാണ് എന്‍ഐഎ കേരളത്തില്‍ നടത്തുന്നത്.
കേരളത്തില്‍ ഐഎസ് സാന്നിധ്യം സജീവമാണെന്ന് യുഎന്‍ റിപ്പോര്‍ട്ട് വരെ പുറത്തുവന്ന സാഹചര്യത്തിലാണ് എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ ഏകോപിച്ച് തിരച്ചില്‍ ശക്തമാക്കിയത്. ബെംഗളൂരുവില്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രിയും എംഎല്‍എയുമായ തന്‍വീര്‍ സേട്ടിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആബിദ് പാഷയില്‍നിന്നുള്‍പ്പെടെ കേരളത്തിലെ തീവ്രവാദബന്ധത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. തന്‍വീറിനെ വെട്ടിയ ഫര്‍ഷാന്‍ പാഷയ്ക്ക് കേരളത്തിലാണു പരിശീലനം ലഭിച്ചതെന്ന് കര്‍ണാടക പൊലീസ് വ്യക്തമാക്കിയിരുന്നു.
വിദേശരാജ്യങ്ങളില്‍നിന്നു കേരളത്തിലേക്കു സ്വര്‍ണം കടത്തുന്നതിലൂടെയാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിച്ചിരുന്നതെന്ന നിഗമനത്തിലാണ് എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നത്.
Post Your Comments