മൂന്നാർ : രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 53 ആയി. ദുരന്തം നടന്ന് ആറം ദിനമായ ഇന്ന് നടത്തിയ തെരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇനി 17 പേരുടെ മൃതദേഹം കൂടിയാണ് കണ്ടെത്താനുള്ളത്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. പെട്ടിമുടിയാറിന്റെ വിവിധ ഭാഗങ്ങളിൽ പല ടീമുകളായി തിരഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. 57 പേരടങ്ങുന്ന 2 എൻഡിആർഎഫ് ടീമും, ഫയർ & റെസ്‌ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും 6 അംഗങ്ങളും 24 വളണ്ടിയർമാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
കേരള ആംഡ് പൊലീസിന്റെ 50 അംഗങ്ങളും, ലോക്കൽ പൊലീസിന്റെ 25 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 100 അംഗങ്ങളും, സ്‌പെഷ്യൽ ബ്രാഞ്ചിന്റെ 3 അംഗങ്ങളും, ക്രൈം ബ്രാഞ്ചിന്റെ 3 അംഗങ്ങളും, വാർത്താ വിനിമയ വിഭാഗത്തിന്റെ 9 അംഗങ്ങളും സംഭവ സ്ഥലത്തുണ്ട്, ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം രക്ഷാദൗത്യം തുടരുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം എടുക്കും.
Post Your Comments