ന്യൂഡൽഹി : ഇഐഎ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള അവസാന തീയതി ഇന്ന്. ഇതുവരെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്. ഇന്ന് വൈകുന്നേരം വരെ കിട്ടുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ചാകും അന്തിമ വിജ്ഞാപനം ഇറക്കുക.
ഖനികള്‍, ജലസേചന പദ്ധതികള്‍, വ്യവസായ യൂനിറ്റുകള്‍, വലിയ കെട്ടിടസമുച്ചയങ്ങള്‍, ദേശീയപാത, മാലിന്യസംസ്കരണ പ്ലാന്റുകള്‍ എന്നിവ നിര്‍മിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം, ജനാഭിപ്രായം കേള്‍ക്കല്‍ ഇവയാണ് വിജ്ഞാപനത്തിന്റെ ഉള്ളടക്കം. കുറേയേറെ പദ്ധതികളെ ജനാഭിപ്രായം കേള്‍ക്കലില്‍ നിന്ന് കരട് വിജ്ഞാപനത്തില്‍ ഒഴിവാക്കിയതാണ് പ്രധാന മാറ്റം.
കടലിലെയും കരയിലെയും എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം, 25 മെഗാവാട്ടില്‍ താഴെയുള്ള ജലവൈദ്യുത പദ്ധതികള്‍, ചെറുതും ഇടത്തരവുമായ ധാതുഖനികള്‍, ചെറിയ ഫര്‍ണസ് യൂനിറ്റുകള്‍, ചെറുകിട സിമന്റ് ഫാക്ടറികളും ആസിഡ്-ചായം നിര്‍മാണ ഫാക്ടറികളും 25-100 കിലോമീറ്ററിനിടയ്ക്കുള്ള ദേശീയപാത വികസനം തുടങ്ങിയവയാണ് ഒഴിവാക്കിയത്. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള ഒരുവിവരവും ജനത്തിനു നല്‍കേണ്ടതില്ലെന്നാണ് പുതിയ വിജ്ഞാപനത്തിലെ വ്യവസ്ഥ.
പരിസ്ഥിതി ആഘാതപഠനം വഴിയുള്ള അനുമതികിട്ടാതെ പദ്ധതികള്‍ തുടങ്ങാനും പിന്നീട് അതു നേടാനും വികസിപ്പിക്കാനുമുള്ള വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്. 2020 ഏപ്രില്‍ ഒന്നിന് ഇത്തരം അനുമതി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പദ്ധതികളുടെ നടത്തിപ്പുകാര്‍ പാരിസ്ഥിതികാഘാതം വിലയിരുത്തുന്ന വകുപ്പിനു നല്‍കുന്ന റിപോര്‍ട്ടുകള്‍ വര്‍ഷത്തില്‍ ഒന്നാക്കി ചുരുക്കിയത് വ്യവസായ സുരക്ഷയെ ബാധിക്കും. വിശാഖപട്ടണത്ത് എല്‍ജി പോളിമേഴ്സില്‍ നടന്ന ദുരന്തത്തെത്തുടര്‍ന്ന് കമ്ബനിക്ക് പുതുക്കിയ പാരിസ്ഥിതികാനുമതി ഉണ്ടായിരുന്നില്ലെന്ന് ദേശീയ പരിസ്ഥിതിമന്ത്രാലയംതന്നെ ഹരിത ട്രിബ്യൂണലില്‍ വ്യക്തമാക്കിയിരുന്നു.
1.5 ലക്ഷം ചതുരശ്ര മീറ്റര്‍വരെയുള്ള സ്ഥലത്തെ നിര്‍മാണപ്രവര്‍ത്തനങ്ങളെ പരിസ്ഥിതി നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. മുമ്ബ് ഇത് 20,000 ചതുരശ്ര മീറ്ററായിരുന്നു. പദ്ധതികളുടെ പരിസ്ഥിതി മലിനീകരണം ജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥ ഒഴിവാക്കിയതും പുതിയ വിജ്ഞാപനത്തിന്റെ ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെടുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഇളവ് 2016-ലെ വിജ്ഞാപനത്തില്‍ കൊണ്ടുവന്നിരുന്നെങ്കിലും ദേശീയ ഹരിത ട്രിബ്യൂണല്‍ ഇത് റദ്ദാക്കുകയായിരുന്നു. അതേസമയം പുതിയ കരടില്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള മെയില്‍ ഐഡി: eia2020-moefcc@gov.in. എന്നതാണ്.
Post Your Comments