COVID 19Latest NewsNewsIndia

കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം കാണാൻ മകനോട് സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടത് വൻ തുക

കൊല്‍ക്കത്ത: കോവിഡ് ബാധിച്ച് മരിച്ച അച്ഛനെ ഒരുനോക്കു കാണാന്‍ ആശുപത്രി അധികൃതര്‍ വൻ തുക  ചോദിച്ചതായി പരാതി. അച്ഛന്‍ മരിച്ച വിവരം യഥാസമയം അറിയിക്കാനും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും മകന്റെ പരാതിയില്‍ പറയുന്നു.പശ്ചിമ ബംഗാളിലാണ് സംഭവം നടന്നത്. സ്വകാര്യ ആശുപത്രി അധികൃതരാണ് സാഗര്‍ ഗുപ്തയോട് പണം ആവശ്യപ്പെട്ടത്.

അച്ഛന്‍ ഹരി ഗുപ്തയാണ് കോവിഡ് ബാധിച്ച് മരിച്ചത്. സംസ്‌കാരത്തിന് മുന്‍പ് ഒരുനോക്കു കാണാന്‍ ആശുപത്രി അധികൃതര്‍ 51000 രൂപ ആവശ്യപ്പെട്ടതായാണ് പരാതി. ‘ഞായറാഴ്ച ഉച്ചയോടെയാണ് അച്ഛന്‍ മരിച്ചുപോയി എന്ന് അറിയിച്ചുകൊണ്ട് ആശുപത്രിയില്‍ നിന്ന് ഫോണ്‍ വന്നത്. തലേന്ന് രാത്രി ഒരുമണിയോടെയാണ് മരിച്ചത്. എന്തുകൊണ്ട് മരണവിവരം കൃത്യസമയത്ത് തന്നെ അറിയിച്ചില്ല എന്ന് ചോദിച്ചു. വിവരം അറിയിക്കാന്‍ ബന്ധപ്പെടേണ്ട നമ്പര്‍ ലഭ്യമായിരുന്നില്ല എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം’- സാഗര്‍ ഗുപ്ത പറയുന്നു.

ഇതനുസരിച്ച് ആശുപത്രിയില്‍ ചെന്നപ്പോള്‍ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയി എന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് ശ്മശാനത്തില്‍ പോയി. അവിടെ വച്ച് മൃതദേഹം കാണണമെങ്കില്‍ 51,000 രൂപ നല്‍കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇത് ഹരി ഗുപ്തയുടെ കുടുംബക്കാര്‍ ചോദ്യം ചെയ്തു. തര്‍ക്കമായതോടെ, 31,000 രൂപയായി കുറയ്ക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായി. എന്നാല്‍ പണം നല്‍കാന്‍ തയ്യാറാവാതെ പൊലീസിനെ സമീപിക്കുകയാണ് ഹരി ഗുപ്തയുടെ കുടുംബം ചെയ്തത്.

പൊലീസ് ഇടപെട്ടിട്ടും കാണാന്‍ അനുവദിച്ചില്ലെന്ന് സാഗര്‍ ഗുപ്ത പറയുന്നു. നിരവധി തവണ അഭ്യര്‍ത്ഥനയുമായി ചെന്നെങ്കിലും ഇത് ചെവിക്കൊടുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ആശുപത്രിയിലെ ഉന്നത നേതൃത്വത്തിനോട് കാര്യം പോയി പറയാനാണ് സംസ്‌കാരം നടത്തുന്നവര്‍ പൊലീസിനോട് പറഞ്ഞത്. സംഭവം പകര്‍ത്താന്‍ ശ്രമിച്ച കുടുംബത്തിന്റെ ക്യാമറ പിടിച്ചെടുത്തതായും പരാതിയില്‍ പറയുന്നു. ഒടുവില്‍ അച്ഛന്റെ മൃതദേഹം ഒരുനോക്കു പോലും കാണാന്‍ കഴിയാതെ സംസ്‌കരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button