പാകിസ്താനില്‍ നിന്നും എത്തിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൃഷിയിടത്തിലെ കുടിലിനുള്ളിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാജസ്ഥാനിലെ ലോഡ്ത ഗ്രാമത്തിലാണ് സംഭവം.മരിച്ചവരില്‍ 6 പേര് പ്രായപൂര്‍ത്തിയായവരും 5 പേര് കുട്ടികളുമാണ്. രാത്രി കുടിലിന് പുറത്ത് ഉറങ്ങിയ കുടുംബാംഗമായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നാണ് ഇയാള്‍ നല്കിയ മൊഴി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം, രക്ഷാബന്ധന് ദിനത്തില്‍ ഇവരുടെ ഒരു സഹോദരി കുടിലില്‍ എത്തിയിരുന്നു. ഇവര്‍ നഴ്സാണെന്നാണ് ലഭിക്കുന്ന വിവരം. കുടുംബാംഗങ്ങളുടെ കൂട്ട മരണത്തില്‍ ഇവരുടെ പങ്കും സംശയിക്കുന്നുണ്ട്.
കുടിലില്‍ നിന്നും ചില രാസവസ്തുക്കളുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടെന്ന് റൂറല്‍ എസ്പി രാഹുല്‍ ബര്‍ഹാത് പറഞ്ഞു. മൃതദേഹങ്ങളില്‍ മുറിവുകളോ പരിക്കേറ്റതിന്റെ അടയാളങ്ങളോ ഇല്ല. അതിനാല്‍ രാത്രിയില്‍ എന്തെങ്കിലും രാസവസ്തു കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Post Your Comments