KeralaLatest NewsNews

മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം തുറന്നുവിടുന്ന കാര്യത്തില്‍ തമിഴ്‌നാട് ഉടന്‍ തീരുമാനമെടുക്കില്ലെന്ന് സൂചന

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിടുന്ന കാര്യത്തില്‍ തമിഴ്‌നാട് ഇപ്പോള്‍ തീരുമാനമെടുക്കില്ല. ജലനിരപ്പ് 136 അടി കടന്നുവെന്നതില്‍ സംഭ്രാന്തിയുടെ ആവശ്യമില്ല 142 അടി വരെ വെള്ളം മുല്ലപ്പെരിയാറില്‍ സംഭരിക്കാമെന്നാണ് സുപ്രീംകോടതി വിധിയെന്നും തമിഴ്നാട് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നത്.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി കടന്നെന്നും അധിക ജലം ഉടനെതന്നെ വൈഗൈ അണക്കെട്ടിലേക്ക് തിരിച്ചു വിടണമെന്നും കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരിന് കത്തെഴുതിയിരുന്നു. എന്നാൽ വെള്ളം തുറന്നുവിടുന്ന കാര്യത്തില്‍ സുപ്രീംകോടതി വിധിയാണ് അടിസ്ഥാന ഘടകമെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ നിലപാട്. അധിക ജലം വൈഗൈ അണക്കെട്ടിലേക്ക് ഇപ്പോള്‍തന്നെ തിരിച്ചുവിടുന്നുണ്ടെന്നും തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ 2,000 ക്യസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട് വൈഗൈയിലേക്ക് ഒഴുക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ നിലയത്തില്‍ നിന്നുള്ള പ്രവചനവും മുല്ലപ്പെരിയാറിലെ ജലനിരപ്പും കണക്കിലെടുത്താവും അണയുടെ ഷട്ടറുകള്‍ തുറക്കുകയെന്ന് തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇപ്പോള്‍ ചെന്നൈയിലില്ല. തിങ്കളാഴ്ച വൈകുന്നേരത്തോടെ മുഖ്യമന്ത്രി ചെന്നൈയിലെത്തും. നിലവില്‍ കല്ലക്കുറിച്ചി ജില്ലയിലുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയാലുടനെ തമിഴ്നാട് കേരള സര്‍ക്കാരിന് മറുപടി നല്‍കുമെന്നാണറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button