ബാംഗ്ലൂർ : വൈകല്യങ്ങളെ മറികടന്ന് മിന്നുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് കർണാടകത്തിലെ വിദ്യാർഥി കൗശിക് ആചാര്യ. കൈയില്ലാത്ത ഈ മിടുക്കൻ കാൽവിരൽകൊണ്ടാണ് പത്താംക്ലാസ് പരീക്ഷയെഴുതിയത്. ഫലം വന്നപ്പോൾ കൗശികിന് ഫസ്റ്റ് ക്ലാസോടെ പരീക്ഷ പാസായി.
കർണാടകയിലെ പത്താം ക്ലാസ് പരീക്ഷാഫലം തിങ്കളാഴ്ചയാണ് പുറത്തുവന്നത്. ഏറ്റവും ശ്രദ്ധേയായ വിജയമാണ് കൗശിക് നേടിയത്. എസ്‌വിഎസ് കന്നഡ മീഡിയം സ്‌കൂൾ വിദ്യാർത്ഥിയായ കൗശിക് ആചാര്യ 500ൽ 424 മാർക്കാണ് സ്വന്തമാക്കിയത്.
കൈകൾ ഇല്ലാത്ത കൗശിക് ഒന്നാം ക്ലാസ് മുതൽ കാൽവിരലുകൾ ഉപയോഗിച്ചാണ് പരീക്ഷ എഴുതിയിരുന്നത്. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാൽ താലൂക്കിലാണ് ഈ മിടുക്കന്‍റെ നാട്.കൈയില്ലാതെ കാൽവിരൽ ഉപയോഗിച്ച് കൗശിക് ആചാര്യ, പരീക്ഷ എഴുതിയ വാർത്ത മാധ്യങ്ങളിൽ വന്നിരുന്നു. ഇതിനുപിന്നാലെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ ജൂലൈ 10 ന് കൗശികിനെ വീട്ടിൽ എത്തി അഭിനന്ദിച്ചിരുന്നു.
കുട്ടിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച മന്ത്രി, കൗശിക് നല്ലൊരു മാതൃകയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഒപ്പം കുട്ടിയുടെ തുടർ വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തിരുന്നു.
Post Your Comments