തൃശൂര്‍,ഗുരുവായൂര്‍ ക്ഷേത്രം ആചാര അനുഷ്ഠാനങ്ങള്‍ക്ക് എതിരെ ദേവസ്വം ചെയര്‍മാന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധമറിയിച്ച് തന്ത്രിയുടെ കത്ത്. തുടര്‍ച്ചയായി നിരവധി വിഷയങ്ങളില്‍ തന്ത്രിയും ചെയര്‍മാനും വിരുദ്ധ അഭിപ്രായത്തിലായിരുന്നു. അവസാനം ഊഴം ഏല്‍ക്കുന്ന കീഴ്ശാന്തിക്കാരുടെ നിയമനകാര്യത്തിലും ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് ഇടപെട്ടതോടെയാണ് തന്ത്രി ചേന്നാസ് നാരായണന്‍ നബൂതിരിപ്പാട് സുപ്രീം കോടതി വിധി ഉദ്ധരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കത്തെഴുതിയത്.
ക്ഷേത്രത്തിനകത്തെ കാര്യങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടെതാണ് എന്ന കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കത്ത്. പാരമ്പര്യ അവകാശികള്‍ക്ക് എതിരെയുള്ള ചെയര്‍മാന്റെ നിലപാടുകളില്‍ ഭക്തജന സംഘടനകള്‍ക്കും എതിര്‍പ്പുണ്ട്. ആറു മാസം കൂടുബോൾ നടക്കുന്ന ഊഴം ശാന്തിയേല്‍ക്കല്‍ ചടങ്ങുകളെ സംബന്ധിച്ചുള്ള വിഷയങ്ങളിലാണ് തന്ത്രിയും ചെയര്‍മാനുമായുള്ള തര്‍ക്കം ഇപ്പോള്‍ ഉടലെടുത്തത്.
സാധാരണയായി ക്ഷേത്രത്തില്‍ ഊഴം ശാന്തിയേല്‍ക്കലിനു ക്ഷേത്രത്തില്‍ തന്നെ പ്രവര്‍ത്തി ചെയ്തു വരുന്ന പതിമൂന്നു കീഴ്ശാന്തി കുടുംബങ്ങള്‍ക്കാണ് പാരമ്പര്യ അവകാശം. ഊഴമനുസരിച്ച് അതതു കീഴ്ശാന്തി കുടുംബങ്ങളിലെ കാരണവന്മാര്‍ യോഗ്യരായവരെ തെരഞ്ഞെടുത്ത് കൊടുക്കുകയാണ് പതിവ്. നിര്‍ദ്ദേശിക്കുന്ന വ്യക്തികളുടെ യോഗ്യത പരിശോധിച്ച് അതില്‍ ബോധ്യപ്പെട്ടവരെ ശാന്തിക്കാരായി നിയമിക്കാന്‍ തന്ത്രി ക്ഷേത്രത്തിന്റെ ചുമതലയുളള മാനേജര്‍ക്ക് കത്തു നല്‍കുക എന്നതാണ് കാലങ്ങളായി നടന്നു വരുന്ന എര്‍പ്പാട്. അവരെ പിന്നീട് ശാന്തിക്കാരായി ആറു മാസത്തേക്ക് നിയമിക്കും. എന്നാല്‍ പതിവിനു വിപരീതമായി ദേവസ്വം ചെയര്‍മാന്‍ ഇവരെ അഭിമുഖത്തിനു വിളിച്ചതാണ് തന്ത്രിയെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ തന്ത്രി അഡമിനിസ്‌ട്രേറ്റര്‍ക്കു കത്തു നല്‍കി. നിയമപരമായി ലഭിച്ച അധികാരവകാശങ്ങളിലേക്കുള്ള ചെയര്‍മാന്റെ കടന്നുകയറ്റത്തില്‍ പ്രതിഷേധിക്കുന്നതാണ് കത്ത്. ചെയര്‍മാന്റെ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അഭിമുഖം ഒഴിവാക്കി നിയമനം നടത്തി.
കൊറോണ മഹാമാരിയെ തുടര്‍ന്നു നിര്‍ത്തിവച്ച ഉദയാസ്തമന പൂജയും, വിളക്കും നടത്താന്‍ ഭരണസമിതിയില്‍ ചര്‍ച്ച ചെയ്യുകയോ, തന്ത്രിയോട് ആലോചിക്കുകയോ ചെയ്യാതെ ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനമെടുത്തതിനെതിരെ തന്ത്രി രംഗത്തു വരികയും ചെയര്‍മാന്‍ തീരുമാനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തിരുന്നു.
ഉപദേവത കലശം ഈ വര്‍ഷം മാറ്റിവയ്ക്കാന്‍ ചെയര്‍മാന്‍ തീരുമാനിക്കുകയും തന്ത്രി ഉള്‍പ്പെട്ട ഭരണ സമിതി പിന്നീട് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. നാമജപം നടത്തി എന്ന് ആരോപിച്ച് ചെയര്‍മാന്‍ ഒരു കീഴ്ശാന്തിയെ മാറ്റി നിര്‍ത്തിയെങ്കിലും പിന്നീട് ഭരണസമിതി തിരിച്ചെടുത്തു. ക്ഷേത്രത്തില്‍ നടക്കുന്ന ശീവേലി ഓണ്‍ലൈനില്‍ കാണിക്കാന്‍ ഉദ്ദേശിക്കുന്നതായി ചെയര്‍മാന്‍ അറിയിച്ചിരുന്നു. തന്ത്രി ഇടപെട്ട് അതും ഒഴിവാക്കി.
ദേവസ്വം പുറത്തിറക്കുന്ന പഞ്ചാംഗത്തിന്റെ പ്രകാശനം തന്ത്രിയേയോ ഭരണസമിതിയംഗങ്ങളേയോ അറിയിക്കുക പോലും ചെയ്യാതെ ചെയര്‍മാന്‍ സ്വന്തമായി നടത്തിയതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഭരണസമിതി അംഗങ്ങളില്‍ ഭൂരിപക്ഷം പേരും ചെയര്‍മാനെതിരാണ്.
ഗുരുവായൂര്‍ ദേവസ്വം നിയമം അനുസരിച്ച് ചെയര്‍മാന് ഭരണസമിതി യോഗങ്ങളില്‍ അദ്ധ്യക്ഷത വഹിക്കുന്നതിനപ്പുറം മറ്റു നിയമപരമായ യാതൊരു അധികാരങ്ങളുമില്ലെന്ന് ഭരണസമിതി അംഗങ്ങള്‍ തന്നെ പറയുന്നു. തിരുവതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ ചെക്ക് ഒപ്പിടുന്നത് ചെയര്‍മാനാണ്. എന്നാല്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന് ചെക്ക് ഒപ്പിടാന്‍ അധികാരമില്ലെന്നും ഒരു മെമ്പർ ചൂണ്ടിക്കാട്ടി.
Post Your Comments