തൃശൂര്‍: തന്ത്രങ്ങള്‍ മെനഞ്ഞ് ഫൈസല്‍ ഫരീദ് , ഫൈസല്‍ ദുബായില്‍ തുടരുന്നതിനു പിന്നില്‍ ഉന്നത ബന്ധങ്ങളും യുഎഇയിലേയും മറ്റ് വിദേശരാഷ്ട്രങ്ങളിലേയും സ്വാധീനമെന്ന് റിപ്പോര്‍ട്ട്. യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കു കൊണ്ടുപോരാതിരിക്കാനുള്ള എല്ലാ അടവും പയറ്റിയിരിക്കുകയാണ് തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഫൈസല്‍ ഫരീദ്.
ഇന്ത്യയിലെത്തിയാല്‍ അറസ്റ്റ് ഉറപ്പായതിനാല്‍ തത്കാലം വരാതിരിക്കാനുള്ള മാര്‍ഗങ്ങളാണ് ഇയാള്‍ ആരായുന്നത്. ഇതിന് അവിടെ ചില കേസുകളില്‍ പ്രതിയാകാനുള്ള നീക്കമാണ് നടത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫൈസലിനെക്കുറിച്ചു കാര്യമായ വിവരങ്ങളൊന്നും പുറത്തുവരുന്നില്ല.
ഫൈസല്‍ ദുബായിയില്‍ കസ്റ്റഡിയിലായെന്നു നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇയാളെ ഇന്ത്യയിലേക്ക് അയയ്ക്കുന്നതടക്കമുള്ള തുടര്‍ നടപടികളെക്കുറിച്ച് അവ്യക്തതയാണുണ്ടായത്.
ഗള്‍ഫില്‍ ഏതെങ്കിലും കുറ്റകൃത്യത്തിലോ സാമ്പത്തിക ക്രമക്കേടിലോ ഉള്‍പ്പെട്ടു കേസ് രജിസ്റ്റര്‍ ചെയ്ത് അവിടെനിന്നു മറ്റൊരിടത്തേക്കും കൈമാറ്റപ്പെടാന്‍ കഴിയാത്ത വിധം നില്‍ക്കുന്നതാണ് സുരക്ഷിതമെന്ന നിയമോപദേശം മറയാക്കിയാണ് ഇയാളുടെ നീക്കം.
ഈ പഴുത് ഉപയോഗിച്ചാണ് ഇപ്പോള്‍ ഇയാള്‍ ഗള്‍ഫില്‍ തുടരുന്നത്. ഇതിന് ഇയാളെ സഹായിക്കാനും സംരക്ഷണം നല്‍കാനും നിരവധി പേര്‍ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്. ബിസിനസുകാര്‍ അടക്കമുള്ള ചിലരാണ് ഇയാള്‍ക്കു വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഫൈസല്‍ അറസ്റ്റിലായാല്‍ സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്താകുമെന്നും പല ഉന്നതരും കുടുങ്ങുമെന്നുമുള്ളതിനാല്‍ ഇയാളെ നിയമത്തിനും എന്‍ഐഎക്കും മുന്നില്‍ വിട്ടുകൊടുക്കാതിരിക്കാനാണ് സ്വര്‍ണക്കടത്ത് ലോബിയുടെ നീക്കം.
Post Your Comments