തിരുവനന്തപുരം,മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ ഒരു മാധ്യമപ്രവര്‍ത്തകനെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ വ്യക്തിപരമായി തനിക്ക് എതിരെ തിരിയുന്നു എന്നും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
താന്‍ ചിലത് പറഞ്ഞിട്ടുണ്ട്. അത് ചില മാധ്യമങ്ങളെ കുറിച്ചാണ്. മാധ്യമങ്ങളില്‍ ചിലതിന് നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ട്. അതുവെച്ച് നിലപാടെടുക്കുന്നുമുണ്ട്. അതിന്റെ ഭാഗമായി ഞാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്, പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥര്‍ ആണെന്നും അതാണ് നിങ്ങള്‍ ചെയ്യുന്നത് എന്നുമാണ്. നിങ്ങള്‍ വ്യക്തിപരമായി തെറ്റ് ചെയ്യുന്നു എന്ന് താന്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ പ്രസ് സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകന്‍ ആണ്. മാധ്യമരംഗത്തിലൂടെ വളര്‍ന്നുവന്നയാളാണ് അദ്ദേഹവും. നിങ്ങള്‍ തമ്മില്‍ സംവാദങ്ങള്‍ ഉണ്ടെങ്കില്‍ അത് നിങ്ങള്‍ തമ്മില്‍ തന്നെ ആരോഗ്യപരമായി സംവദിച്ച് തീര്‍ക്കുകയാണ് വേണ്ടത്. താന്‍ അതൊന്നും അറിഞ്ഞിട്ടില്ല. സൈബര്‍ ആക്രമണം എന്ന് പറയുന്നത് ഇല്ലാത്ത കാര്യങ്ങള്‍ കെട്ടിച്ചമച്ച് ആക്രമിക്കുന്നതാണ്. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതും സംവാദങ്ങളും എല്ലാം മറ്റൊന്നാണ്. നിങ്ങള്‍ പറയുന്നത് ഏത് പട്ടികയില്‍ ആണ് പെടുന്നത് എന്ന് നോക്കട്ടെയെന്നും മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
Post Your Comments