ബെയ്റൂട്ട്: ലബനീസ് തലസ്ഥാന നഗരം ബെയ്റൂട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണസംഖ്യ 135ആയി ഉയർന്നു. 4000നു മുകളിൽ ആളുകൾക്ക് പരിക്കേറ്റു. നൂറിലധികം പേരെ കാണാതായി, ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം ആറിന് ബെയ്റൂട്ടിലെ തുറമുഖ മേഖലയിലുണ്ടായ തീപിടിത്തത്തിന് പിന്നാലെയായിരുന്നു സ്ഫോടനം. ഒരു ഗോഡൗണിൽ മുൻകരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണു ദുരന്തത്തിനു കാരണമെന്നു ലബനീസ് പ്രസിഡന്റ് മിഷേൽ ഔണ് അറിയിച്ചു.
റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ സ്ഫോടനമാണുണ്ടായത്. 240 കിലോമീറ്റർ അകലത്തുള്ള സൈപ്രസിൽവരെ ശബ്ദം കേട്ടു. സ്ഫോടനമേഖലയിലെ കെട്ടിടങ്ങളെല്ലാം തകർന്നു. കിലോമീറ്ററുകൾ അകലെയുള്ള കെട്ടിടങ്ങൾ വരെ കുലുങ്ങി, ജനൽച്ചില്ലുകൾ തകർന്നു. റോഡുകൾ ജനൽച്ചില്ലും മറ്റ് അവശിഷ്ടങ്ങളുംകൊണ്ടു നിറഞ്ഞത് രക്ഷാപ്രവർത്തനം വൈകുന്നതിന് കാരണമായി. അവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നവരുടെ ദൃശ്യങ്ങൾ ലബനീസ് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
Post Your Comments