NattuvarthaKeralaNews

പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍  അറസ്റ്റില്‍.  

തിരുവല്ല : പോലീസ് ഉദ്യോഗസ്ഥനെ വടിവാളുകൊണ്ടു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍  അറസ്റ്റില്‍.  തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ അന്വേഷിച്ച് തിരുവല്ല കണിയമ്പാറയില്‍ എത്തിയ സിവില്‍  പോലീസ് ഓഫീസര്‍ സന്തോഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളായ ശ്രിജിത്ത് (32), മോന്‍സി (29) എന്നിവരാണ്  ഷാഡോ പോലീസുമായി ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ പിടിയിലായത്.

ജൂലൈ 31 ന് രാത്രി ഏഴിനായിരുന്നു സംഭവം. പ്രതികളെ അന്വേഷിച്ച് കണിയമ്പാറയിലെത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്ന സന്തോഷിനെ വാഹനത്തില്‍ വന്ന പ്രതികളിലൊരാളായ ശ്രിജിത്ത്  വടിവാള്‍കൊണ്ട് തലയ്ക്കു വെട്ടുകയായിരുന്നു. ഒഴിഞ്ഞുമാറിയ സന്തോഷിന്റെ മൂക്കിന് വലതുവശം ആഴത്തില്‍ മുറിവേറ്റു. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതികള്‍  അന്നുമുതല്‍ ഒളിവിലായിരുന്നു.  ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഷാഡോ പോലീസ് നടത്തിയ നിരന്തരനിരീക്ഷണത്തിലും പരിശോധനയിലുമാണ്   ഓഗസ്റ്റ് നാല് രാവിലെ 9.30 ന് മാവേലിക്കര തട്ടാരമ്പലത്തുള്ള ശ്രീജിത്തിന്റെ ഭാര്യയുടെ വീട്ടില്‍നിന്നും പ്രതികളെ പിടികൂടിയത്.

ജില്ലാപോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍  ജില്ലാ സ്പെഷല്‍  ബ്രാഞ്ച് ഡി വൈ എസ് പി ആര്‍. ജോസിന്റെ നിര്‍ദേശാനുസരണം ഷാഡോ പോലീസ് എസ്ഐ ആര്‍.എസ്. രഞ്ജുവും സംഘവും അറസ്റ്റ് ചെയ്ത പ്രതികളെ തിരുവല്ല പോലീസിന് കൈമാറി. കുറ്റകൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ മൂന്നു ദിവസമായി രഹസ്യമായി പിന്തുടര്‍ന്ന ഷാഡോ പോലീസും, തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി  നടത്തിയ  നീക്കമാണ് പ്രതികളെ പിടികൂടുന്നതിനു വഴിയൊരുക്കിയത്.

തിരുവല്ല കുറ്റപ്പുഴയില്‍ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികളാണിവര്‍. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ നിയോഗിച്ച എസ്ഐ ആദര്‍ശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിലെ അംഗമായ സന്തോഷിനാണ് അന്വേഷണത്തിനിടെ പ്രതിയുടെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റത്. തിരുവല്ല പോലീസിന്റെ നേതൃത്വത്തില്‍ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന് പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button