ഹൈദരാബാദ് • ഭദ്രാചലം മുൻ എം.എൽ.എയും തെലങ്കാനയിലെ പ്രമുഖ സി.പി.എം നേതാവുമായ സുന്നം രാജയ്യ കോവിഡ് -19 മൂലം അന്തരിച്ചു. രാജയ്യയുടെ സംസ്കാരം അദ്ദേഹത്തിന്റെ ജന്മഗ്രാമമായ സുന്നംവരിഗുഡെമിൽ വെച്ച് നടന്നു. സംസ്ഥാന വിഭജന സമയത്ത് ഈ പ്രദേശം ആന്ധ്രയുടെ ഭാഗമായിരുന്നു.
60 വയസായിരുന്ന ഇദ്ദേഹത്തിന് ഭാര്യയും രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്.
പനിയെത്തുടര്‍ന്നാണ് രാജയ്യ ചികിത്സ തേടിയത്. കോവിഡ് -19 നുള്ള ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. പനി ഭേദമാകാതിരുന്നതിനെത്തുടര്‍ന്ന് രണ്ടാമതും കോവിഡ് പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയിരുന്നു. രാജയ്യയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സയ്ക്കായി വിജയവാഡയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയിലിരിക്കെ രാജയ്യ മരിക്കുകയായിരുന്നു.
രാജയ്യ 1999, 2004, 2014 വർഷങ്ങളിൽ ഭദ്രാചലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദർശവാദിയായി അറിയപ്പെടുന്ന രാജയ്യ ഹൈദരാബാദിലെ അസംബ്ലിയിലേക്കും സെക്രട്ടേറിയറ്റിലേക്കും ഓട്ടോറിക്ഷയിലായിരുന്നു യാത്ര ചെയ്തിരുന്നത്.
ഒരിക്കല്‍ ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയ ശേഷം നിയമസഭയിൽ പ്രവേശിക്കുന്നതിനിടെ ഇയാളെ പോലീസ് തടഞ്ഞു. തുടർന്ന് എം.എൽ.എയുടെ തിരിച്ചറിയൽ കാർഡ് പോലീസിന് കാണിക്കേണ്ടി വന്നു.
രാജയ്യ ഹൈദരാബാദിലേക്ക് പോയിരുന്നതും വീട്ടിലേക്ക് മടങ്ങിയിരുന്നതും ആർ.ടി.സി ബസുകളിലായിരുന്നു.
ഒരു എംഎൽഎ എന്ന നിലയിൽ അദ്ദേഹം ഒരിക്കലും തന്റെ കുട്ടികൾക്കായി സർക്കാർ ജോലി നേടാൻ ശ്രമിക്കുകയോ അവരെ രാഷ്ട്രീയത്തിൽ ഇറക്കുകയോ ചെയ്തില്ല. ബിടെക് പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ഒരു പെൺമകള്‍ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു, മറ്റ് രണ്ട് കുട്ടികൾ ചെറിയ ജോലികൾ ചെയ്യുന്നു.
രാജയ്യയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, മുൻ സി.പി.ഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, തുടങ്ങി നിരവധി രാഷ്ട്രീയ പാർട്ടി നേതാക്കൾ അനുശോചിച്ചു.
വിവിധ പ്രതിബന്ധങ്ങൾക്കിടയിലും പാർട്ടിയോട് പ്രതിജ്ഞാബദ്ധനായിരുന്ന സമർപ്പിത കമ്മ്യൂണിസ്റ്റായിരുന്നു രാജയ്യയെന്ന് സുധാകർ റെഡ്ഡി പറഞ്ഞു.
Post Your Comments